പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: AP
അഗർത്തല: ത്രിപുരയിൽ ബി.ജെ.പി. ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചിരവൈരികളായിരുന്ന സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലെത്തിയത്. അതുകൊണ്ടുതന്നെ ബി.ജെ.പി.ക്ക് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാനപ്രശ്നമാണ്.
സ്ഥാനാർഥികൾ ആയതോടെ സംസ്ഥാനത്ത് ബി.ജെ.പി. കാടിളക്കിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാർട്ടിയധ്യക്ഷൻ ജെ.പി. നഡ്ഡയാണ് ആദ്യഘട്ടത്തിൽ എത്തിയത്. പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വരുന്നുണ്ട്. ത്രിപുരയുടെ വികസനത്തിനായല്ല, മറിച്ച് സ്വന്തം നിലനിൽപ്പിനുവേണ്ടിയാണ് സി.പി.എമ്മും കോൺഗ്രസും കൈകോർത്തതെന്ന് നഡ്ഡ ഗോമതി ജില്ലയിലെ അമർപുരിൽ നടന്ന റാലിയിൽ പരിഹസിച്ചു. അഗർത്തലയിൽ നടൻ മിഥുൻചക്രവർത്തി ബി.ജെ.പി.ക്കുവേണ്ടി ശനിയാഴ്ച റോഡ് ഷോ നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 40 താരപ്രചാരകരെയാണ് ബി.ജെ.പി. ത്രിപുരയിൽ അണിനിരത്തുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി അൻപതോളം തിരഞ്ഞെടുപ്പു റാലികളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ബംഗാളിലെ നേതാക്കളായ സുവേന്ദു അധികാരി, ദിലീപ് ഘോഷ്, സിനിമാതാരങ്ങളായ ഹേമമാലിനി, മനോജ് തിവാരി, ലോക്കറ്റ് ചാറ്റർജി തുടങ്ങിയ പ്രമുഖർ വരുംദിവസങ്ങളിൽ ബി.ജെ.പി.ക്ക് വോട്ടുചോദിക്കാൻ എത്തും.
കഴിഞ്ഞ അഞ്ചുവർഷത്തെ ബി.ജെ.പി. ഭരണത്തിൽ സംസ്ഥാനത്തുണ്ടായ വളർച്ച എടുത്തുപറഞ്ഞാണ് പ്രചാരണം പുരോഗമിക്കുന്നത്. “ഇത് പഴയ ത്രിപുരയല്ലെന്ന് അഞ്ചുകൊല്ലം കൊണ്ടു വ്യക്തമായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ചുവർഷം മാറ്റം അതിവേഗത്തിലാകും. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി. സർക്കാർ; ഇരട്ട എൻജിന്റെ നേട്ടമാണ് ത്രിപുരയ്ക്കുണ്ടാവുക”-നഡ്ഡ റാലികളിൽ ആവർത്തിക്കുന്നു.
60-അംഗ നിയമസഭയിൽ ബി.ജെ.പി. 55 സീറ്റിലാണ് മത്സരിക്കുന്നത്. ഗോത്രവർഗമേഖലകളിൽ സ്വാധീനമുള്ള ഐ.പി.എഫ്.ടി.യുമായി സഖ്യം തുടരുന്നു. കഴിഞ്ഞതവണ ഒൻപത് സീറ്റ് ഐ.പി.എഫ്.ടി.ക്ക് നൽകിയെങ്കിലും ഇത്തവണയത് അഞ്ചായി കുറച്ചു.
അതിൽ പ്രതിഷേധിച്ച് ഐ.പി.എഫ്.ടി. ആറുസീറ്റിൽ സ്ഥാനാർഥികളെ നിർത്തി. ഒരു സീറ്റിൽ ഇരുകക്ഷികളും പരസ്പരം ഏറ്റുമുട്ടും. എന്നാലിത് സഖ്യത്തെ ബാധിക്കില്ലെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. ഈ മാസം 16-നാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലമറിയാം.
വോട്ടിങ് ശതമാനത്തിൽ ആശങ്ക
സി.പി.എമ്മിന്റെ തുടരൻഭരണത്തിന് കടിഞ്ഞാണിട്ട് 2018-ൽ ബി.ജെ.പി. അധികാരം പിടിച്ചെങ്കിലും വോട്ടിങ് ശതമാനത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. ബി.ജെ.പി.ക്ക് 43.59 ശതമാനം വോട്ടു ലഭിച്ചപ്പോൾ 42.22 ശതമാനവുമായി സി.പി.എം. തൊട്ടുപിന്നിലുണ്ടായിരുന്നു. കോൺഗ്രസിന്റെ തകർച്ചയാണ് ബി.ജെ.പി.ക്ക് മുതൽക്കൂട്ടായത്. തിരിച്ചുവരവിന് കിണഞ്ഞുശ്രമിക്കുകയാണ് കോൺഗ്രസ്. അവരുമായുള്ള കൂട്ടുകെട്ട് നില മെച്ചപ്പെടുത്തുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ബി.ജെ.പി.ക്കെതിരായ ഭരണവിരുദ്ധവികാരവും മുതൽക്കൂട്ടാകുമെന്ന് അവർ കരുതുന്നു. ഇതൊക്കെയാണ് ബി.ജെ.പി.യുടെ നെഞ്ചിൽ ആശങ്കയുടെ കനൽ കോരിയിടുന്നത്.
Content Highlights: Tripura assembly polls 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..