പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ, മണിക് സാഹ | Photo: ANI
ന്യൂഡൽഹി: ജനവിധിക്കായി മുന്നണികളുടെ കരുനീക്കങ്ങൾ മുറുകുമ്പോൾ ത്രിപുരയുടെ മണ്ണിൽ കിങ് മേക്കറാകാനൊരുങ്ങി പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ. ത്രിപുര രാജകുടുംബാംഗവും ഗോത്രമേഖലയുടെ നേതാവും തിപ്രമോത്ത പാർട്ടിയുടെ ചെയർമാനുമായ ഈ നാൽപ്പത്തിനാലുകാരൻ ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് തലവേദനയാണ്.
ആദിവാസിമേഖലയിലെ 20 മണ്ഡലങ്ങളിൽ നിർണായകസ്വാധീനമുള്ള തിപ്ര ഇൻഡിജിനിയസ് പ്രോഗ്രസീവ് അലയൻസ് എന്ന തിപ്രമോത്ത പാർട്ടി രണ്ടുവർഷംകൊണ്ട് ത്രിപുരയുടെ രാഷ്ട്രീയം നിശ്ചയിക്കുന്ന സാന്നിധ്യമായിരിക്കുന്നു. അടുത്തമാസം 16-നാണ് ത്രിപുരയിലെ വോട്ടെടുപ്പ്.
തിപ്രമോത്ത
ത്രിപുര വിഭജിച്ച് തിപ്രലാൻഡ് എന്ന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യമുയർത്തി 2021-ലാണ് തിപ്രമോത്ത പ്രവർത്തനം തുടങ്ങിയത്. 2019-ൽ തദ്ദേശീയരായ ഗോത്രജനങ്ങളുടെ വികാരമുണർത്തി രൂപവത്കരിച്ച സാമൂഹികസംഘടനയെ 2021-ൽ പ്രദ്യോത് രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റുകയായിരുന്നു. ‘‘ആയിരക്കണക്കിന് വർഷങ്ങളോളം ആദിവാസി രാജാക്കൻമാർ ഭരിച്ച ഒരുപ്രദേശത്ത്, ആദിവാസികൾ ദരിദ്രരും സ്വന്തം മണ്ണിൽ അവകാശങ്ങൾക്കുവേണ്ടി യാചിക്കേണ്ട നിലയിലുമാണ്. ഞങ്ങൾക്ക് തിപ്രലാൻഡ് വേണം’’ -എന്നായിരുന്നു പാർട്ടി രൂപവത്കരണസമയത്ത് പ്രദ്യോത് പറഞ്ഞത്.
ത്രിപുര രാജവംശത്തിന്റെ ഇപ്പോഴത്തെ തലവനായ പ്രദ്യോത് കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. അച്ഛൻ മഹാരാജാ കിരീട് ബിക്രം കിഷോർ ദേബ് ബർമ മൂന്നുവട്ടം കോൺഗ്രസിന്റ ലോക്സഭാംഗമായിരുന്നു. അമ്മ ബിഭുകുമാരി രണ്ടുവട്ടം കോൺഗ്രസ് എം.എൽ.എ.യും സംസ്ഥാന റവന്യൂ മന്ത്രിയുമായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന പ്രദ്യോത്, 2019-ൽ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു. തുടർന്നാണ് തിപ്ര സംഘടന രൂപവത്കരിച്ചത്.
2021-ൽനടന്ന ത്രിപുര ആദിവാസിമേഖലാ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ തിപ്രമോത്ത നേടിയ അട്ടിമറിവിജയം മുഖ്യധാരാപാർട്ടികളെ ഞെട്ടിച്ചു. 28-ൽ 18 സീറ്റുനേടിയ പ്രദ്യോതിന്റെ പാർട്ടി 15 വർഷമായി സി.പി.എം. ഭരിച്ച കൗൺസിൽ പിടിച്ചെടുത്തു. കൗൺസിലിന്റെ പരിധിയിൽ ആദിവാസിമേഖലയിലെ 20 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു.
45 ഇടത്ത് മത്സരിക്കും
നിയമസഭാതിരഞ്ഞെടുപ്പിൽ 45 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തിപ്രമോത്തയുടെ തീരുമാനം. സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തിപ്രലാൻഡ് രൂപവത്കരണമെന്ന ആവശ്യം രേഖാമൂലം ഉറപ്പുനൽകുന്നവരുമായിമാത്രമേ സഖ്യമുള്ളൂവെന്ന് പ്രദ്യോത് നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ ദൗത്യവുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയെങ്കിലും സംസ്ഥാന രൂപവത്കരണമെന്ന ആവശ്യത്തിൽ പ്രദ്യോത് ഉറച്ചുനിന്നു.
Content Highlights: tripura assembly elections pradyot manikya deb barman tipra motha party king maker
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..