പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും. ഇടതുമായുള്ള ധാരണപ്രകാരം അനുവദിച്ചുകിട്ടിയത് 13 സീറ്റുകളാണെങ്കിലും 17 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 60 അംഗ നിയമസഭയില്‍ 48 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്.
ധാരണപ്രകാരമുള്ള 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍.കെ. പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മണിക് സാഹയ്‌ക്കെതിരെ മുന്‍ ബി.ജെ.പി. എം.എല്‍.എയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബര്‍ദോവാലി മണ്ഡലത്തില്‍ ആശിഷ് കുമാര്‍ സാഹ മണിക് സാഹയെ നേരിടും. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എം.എല്‍.എ. സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ തന്നെ മത്സരിക്കും.
സംവരണ മണ്ഡലയമായ ബാധാര്‍ഘട്ട് കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ ധാരണപ്രകാരം ഫോര്‍വേഡ് ബ്ലോക്കിനാണ് അനുവദിച്ചത്. കാലങ്ങളായി കോണ്‍ഗ്രസ് വിജയിച്ചുവരുന്ന മണ്ഡലമാണിത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ്- ബി.ജെ.പി.- ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ ഒരേ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥി മിനാ സര്‍ക്കാരിന്റെ സഹോദരന്‍ രാജ്കുമാര്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കും. ഇവരുടെ അനന്തരവന്‍ പാര്‍ഥ പ്രതിം സര്‍ക്കാരാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ഥി.
കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മൊബഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്. തന്റെ സിറ്റിങ് സീറ്റായ കൈലാഷഹറില്‍ തന്നെ മൊബഷര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: tripura assembly election congress bjp candidate list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..