ജുബരാജ്നഗറിൽ വിജയിച്ച ബിജെപി സ്ഥാനാർഥി മലീന ദേബനാഥ് വിജയാഹ്ലാദത്തിൽ |ഫോട്ടോ:PTI
അഗര്‍ത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. ബിജെപിയാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായി ജുബരാജ്നഗറില്‍ ജയിച്ചത്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും ജയിച്ചു. അഗര്‍ത്തലയില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സുദീപ് റോയ് ബര്മന് തന്റെ സീറ്റ് നിലനിര്‍ത്തി.
ജുബരാജ്നഗറില്‍ സിപിഎം എംഎല്‍എയുടെ മരണത്തെ തുടര്‍ന്നും അഗര്‍ത്തല,സുര്‍മ, ടൗണ്‍ ബര്ദൗലിഎന്നീ മണ്ഡലങ്ങളില്‍ ബിജെപി എംഎഎല്‍മാര്‍ രാജിവെച്ച് കോണ്‍ഗ്രസിലും തൃണമൂലിലും ചേര്‍ന്നതോടെയാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്.
അഗര്‍ത്തലയില്‍ അഭിമാന പോരാട്ടത്തില്‍ 3163 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുദീപ് റോയ് ബര്മന് ജയിച്ചത്. ബിജെപിയുടെ അശോക് സിന്‍ഹ രണ്ടാമതെത്തി.
ആദ്യം കോണ്‍ഗ്രസിലും പിന്നീട് ബിജെപിലുമെത്തിയ സുദീപ് റോയ് ബര്മന്, ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു. തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഗര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിപ്ലബ് ദേബിന് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ മാണിക് സാഹ ടൗണ്‍ ബര്ദൗലിയില് നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആശിഷ് കുമാര്‍ സാഹയെ 6104 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2018 ഈ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ച ആശിഷ് കുമാര്‍ സാഹ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
സുര്‍മയില്‍ ബിജെപി സ്ഥാനാര്‍ഥി സ്വപ്ന ദാസ് 4583 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോണ്‍ഗ്രസ് പിന്തുണച്ച പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ഥി ബുബാറാം സത്നമി രണ്ടാമതെത്തി.
ജുബരാജ്നഗറില്‍ ബിജെപി സ്ഥാനാര്‍ഥി മലീന ദേബനാഥ് 4572 വോട്ടുകള്‍ക്കാണ് ജയിച്ചത്. സിപിഎമ്മിന്റെ ശൈലന്ദ്ര ചന്ദ്രനാഥാണ് രണ്ടാം സ്ഥാനത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..