ന്യൂഡല്‍ഹി:  മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ എതിര്‍ത്തും സമീപിച്ചുമുള്ള പ്രതികണരങ്ങളാണ് പല കോണില്‍ നിന്നു ഉയര്‍ന്നു വരുന്നത്. 

മുത്തലാഖ് നിരോധിക്കേണ്ട കാര്യമല്ല മറിച്ച് ഈ പ്രവണതയെ നിരുത്സാഹപ്പെടുതത്തുകയാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമദ് ബഷീര്‍ അഭിപ്രായപ്പെട്ടു. മുസ്ലീം സമുദായത്തില്‍ അനുവദിനീയമാണെങ്കില്‍ പോലും വെറുക്കപ്പെട്ട പ്രവണതയാണ് മുത്തലാഖ് എന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നീയമങ്ങള്‍ നീയന്ത്രിക്കുന്ന അംഗീകൃത ബോര്‍ഡ് ആയ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ വിധിയോട് പുലര്‍ത്തുന്ന നിലപാട് തന്നെയാണ് മുസ്ലീം ലീഗിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
സുപ്രീം കോടതി വിധിയെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നതായി വി.പി. സുഹ്‌റ. ഇത് ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ലഭിച്ച വിജയമാണെന്നും ഇസ സംഘടന മേധാവി അഭിപ്രായപ്പെട്ടു.
മുത്തലാഖ് നിരോധിച്ച സാഹചര്യത്തില്‍ ബദല്‍ സംവിധാനത്തില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. 

രണ്ട് തരത്തിലുള്ള തലാഖ് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ട്. ഒറ്റയടിക്കുള്ള തലാഖും ഘട്ടം ഘട്ടമായുള്ള തലാഖും. ഇതില്‍ ഏതാണ് കോടതി നിരോധിച്ചതെന്ന ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഘട്ടം ഘട്ടമായുള്ള തലാഖിനെ മുസ്ലീം നവോഥാന സംഘടനകള്‍ പിന്തുണക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയടിക്കുള്ള തലാഖാണ് നിരോധിച്ചതെങ്കില്‍ സ്വാഗതം ചെയ്യുന്നതായും മറിച്ചാണെങ്കില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

സുപ്രീം കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നതായി ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. രണ്ട് തരത്തിലുള്ള തലാഖ് ഉണ്ടെന്ന ഫസല്‍ ഗഫൂറിന്റെ വാദത്തെ അദ്ദേഹം നിഷേധിച്ചു. ഭാര്യയെ ഉപേക്ഷിക്കുന്ന മുത്തലാഖ് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ പോലും ഈ കീഴ്‌വഴക്കം ഇല്ലാതിരിക്കെ ഇന്ത്യയില്‍ ഇപ്പോള്‍ മുത്തലാഖ് നടപ്പാക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

മുത്തലാഖ് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്നും എം.എന്‍. കാരശേരി അഭിപ്രായപ്പെട്ടു. മുത്തലാഖിന്റെ കാര്യത്തില്‍ മുസ്ലീം വിഭാഗത്തില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട് മുത്തലാഖ് വഴിയുള്ള വിവാഹമോചനത്തിന് നിയമസാധുതയില്ലെന്നും വിവാഹ മോചനം നേടുന്നത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമം അനുസരിച്ചായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.