ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ബില്ലിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുത്തലാഖ് ബില്‍ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലീംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു.

മുത്തലാഖ് ക്രമിനില്‍ കുറ്റമാക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബില്ല് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.'ബില്ല് ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ല. അത് നീതിക്കും സ്ത്രീസമത്വത്തിനും വേണ്ടിയുള്ളതാണ്. രാജ്യമെങ്ങും മുത്തലാഖുകള്‍ നടക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഓര്‍ഡിനന്‍സ് പാസ്സാക്കിയത്. ആരെയെങ്കിലും ബലിയാടാക്കാനല്ല ഞങ്ങളുടെ ശ്രമം.' - രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ബഹളം മന്ത്രിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. ശബരിമലയില്‍ സ്ത്രീകളെ തടയുന്ന ബിജെപി മുത്തലാഖ് ബില്‍ കൊണ്ടുവരുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ എതിര്‍ത്ത് എന്‍കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചു.

content highlights: Triple Talaq Bill,  Women Empowerment,  Congress