ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിന്മേല്‍ ലോക്‌സഭയില്‍ വിശദമായ ചര്‍ച്ച തുടരുന്നു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. പെട്ടെന്നുള്ള വിവാഹ മോചനംമൂലം ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി.

ബില്ലിനെ എല്ലാവരും പിന്തുണയ്ക്കുന്നുവെങ്കിലും സമയമെടുത്ത് വിശദമായ ചര്‍ച്ചകള്‍ നടത്തി തിരുത്തലുകള്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യമുന്നയിച്ചത്. അതിനിടെ ബില്‍ മുസ്ലിം സ്ത്രീകളോടുള്ള അനീതിയാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എം.ഐ.എം, ബിജു ജനതാദള്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്ലാണ് രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

Read more - മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ചു

മുത്തലാഖിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീം കോടതിതന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്ന് ചര്‍ച്ചയ്ക്കിടെ മന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ബില്‍ എതിരില്ലാതെ പാസാക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷ. 2007 ല്‍ 300 ലധികം മുത്തലാഖുകളാണ് നടന്നിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നൂറോളം മുത്തലാഖുകള്‍ നടന്നത് സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ്. മുത്തലാഖിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡുതന്നെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അടക്കമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ടെങ്കിലും അവ മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാരിന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന് കോണ്‍ഗ്രസ് എം.പി സുസ്മിത ദേവ് ചോദിച്ചു. എന്നാല്‍ മുത്തലാഖ് ബില്ലിനെ രാഷ്ട്രീയ കണ്ണിലൂടെ കാണരുതെന്ന് രവിശങ്കര്‍ പ്രസാദ് അഭ്യര്‍ഥിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമോ ജാതി - മത താത്പര്യങ്ങളോ ബില്ലിന് പിന്നില്‍ ഇല്ലെന്നും  രവിശങ്കര്‍ പ്രസാദ് പറഞ്ഞു.