കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ആറ് മാസം മുമ്പ് ബിജെപി വിജയിച്ച രണ്ടു സീറ്റുകളടക്കം ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. നാലില്‍ മൂന്ന് സീറ്റുകളിലും ബിജെപിക്ക് കെട്ടിവെച്ച പണം നഷ്ടമാകുകയും ചെയ്തു.

ദിന്‍ഹത, ശാന്തിപുര്‍, ഖര്‍ദഹ, ഗൊസാബ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശാന്തിപുരിലൊഴികെ ബാക്കി മൂന്ന് സീറ്റുകളിലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം പോയത്. ദിന്‍ഹതയിലും ശാന്തിപുരിലും ബിജെപിക്ക് അഭിമാന പോരാട്ടമായിരുന്നു.

ബിജെപിയുടെ ശക്തി കേന്ദ്രമായ കൂച്ച് ബിഹാര്‍ മേഖലയിലെ ദിന്‍ഹതയില്‍ ആറ് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു ജയം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിസിത് പ്രമാണിക് 57 വോട്ടുകള്‍ക്കാണ് തൃണമൂലിന്റെ ഉദയന്‍ ഗുഹയെ തോല്‍പിച്ചിരുന്നത്. ലോക്‌സഭാ അംഗത്വം നിലനിര്‍ത്തുന്നതിനായി നിസിത് പ്രമാണിക് പിന്നീട് നിയമസഭാ അംഗത്വം രാജിവെച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഉദയാന്‍ ഗുഹ തന്നെയായിരുന്നു തൃണമൂലിന്റെ സ്ഥാനാര്‍ഥി. 1,64,089 വോട്ടുകളുടെ ഭൂരപക്ഷത്തിനാണ് ഉദയാന്‍ ഗുഹ ജയിച്ചത്.

ബിജെപി എംപി ജഗന്നാഥ് സര്‍ക്കാര്‍ രാജിവെച്ചതോടെയാണ് ശാന്തിപുറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 15878 വോട്ടിനാണ് ഇവിടെ ആറ് മാസം മുമ്പ് ജഗന്നാഥ് സര്‍ക്കാര്‍ ജയിച്ചിരുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ 64,675 വോട്ടുകള്‍ക്ക് തൃണമൂലിന്റെ ബ്രജ കിഷോര്‍ ഗോസാമി സീറ്റ് പിടിച്ചെടുത്തു.

ഖര്‍ദഹയില്‍ 93,832 ഉം ഗോസബയില്‍ 1,43,051 വോട്ടുകളുമാണ് തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ ലീഡ്. മമതാ ബാനര്‍ജിക്കായി ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്ന് രാജിവെച്ച സോവന്‍ദേബ് ചതോപാധ്യായ ആണ് ഖര്‍ദഹയില്‍ വിജയിച്ച തൃണമൂലിന്റെ സ്ഥാനാര്‍ഥി.

കുപ്രചരണത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും അതീതമായി ബംഗാള്‍ എപ്പോഴും വികസനവും ഐക്യവും എങ്ങനെ തിരഞ്ഞെടുക്കുമെന്ന് കാണിക്കുന്നതാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. ഇത് ജനങ്ങളുടെ വിജയമാണ്. ജനങ്ങളുടെ അനുഗ്രഹത്തോടെ, ബംഗാളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെ 75 ശതമാനം വോട്ടുകളും തൃണമൂലിന് സമാഹരിക്കാനായി. 14.5 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. സിപിഎമ്മിന് 7.3 ശതമാനം വോട്ട് ലഭിച്ചു.