നുസ്രത്ത് ജഹാൻ | Photo: PTI
ന്യൂഡല്‍ഹി: കൊറോണ വൈറസിനേക്കാളും അപകടകാരിയാണ് ബിജെപിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് കലാപം ഉണ്ടാക്കുകയാണ് അവരെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. ബാഷിര്‍ഹത് മണ്ഡലത്തില്‍ നടന്ന ഒരു രക്തദാനച്ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അവരുടെ പരാമര്‍ശം. എന്നാല്‍ നുസ്രത്ത് ജഹാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി.
കൊറോണയേക്കാളും അപകടകാരികളായ ചിലര്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ളതിനാല്‍ നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണമെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു. " എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്. എന്തെന്നാല്‍ അവര്‍ക്ക് നമ്മുടെ സംസ്‌കാരമെന്താണെന്ന് അറിയില്ല. അവര്‍ക്ക് മനുഷ്യത്വം എന്താണെന്ന് മനസിലാകില്ല. നമ്മുടെ കഠിനാധ്വാനത്തിന്റെ മൂല്യം അവര്‍ക്ക് മനസിലാക്കില്ല. ബിസിനസ് മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. അവരുടെ കയ്യില്‍ ഒരുപാട് പണമുണ്ട്. അവരത് എല്ലായിടത്തും പ്രചരിപ്പിക്കുന്നു." - ജഹാന്‍ പറഞ്ഞു.
എന്നാല്‍ നുസ്രത്തിന്റെ പരാമര്‍ശത്തിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവര്‍ നടത്തുന്നതെന്ന് ബിജെപിയുടെ സമൂഹമാധ്യമ തലവനും ബംഗാള്‍ തിരഞ്ഞെടുപ്പ് കോ-കണ്‍വീനറുമായ അമിത് മാളവ്യ ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ മോശം തരത്തിലുള്ള വാക്‌സീന്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് മാളവ്യ ആരോപിച്ചു. "ആദ്യം, മമത മന്ത്രിസഭയില്‍ മന്ത്രിയായ സിദ്ദിഖുല്ല ചൗധരി വാക്‌സീനുമായെത്തിയ ട്രക്കുകള്‍ തടഞ്ഞു. ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദെഗാങ്ഗയില്‍ പ്രചാരണം നടത്തുന്ന തൃണമൂല്‍ എംപി ബിജെപിയെ കൊറോണയുമായി ബന്ധിപ്പിക്കുന്നു. എന്നിട്ടും ആന്റി (മമത) മൗനത്തിലാണ്. എന്തുകൊണ്ട്, പ്രീണനമാണോ " - മാളവ്യ ട്വിറ്ററില്‍ ചോദിച്ചു.
Content Highlights: Trinamool's Nusrat Jahan's "More Dangerous Than Corona" Remark Angers BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..