മഹുവ മൊയ്ത്ര | Photo : Facebook / Mahua Moitra
കൊല്‍ക്കത്ത: കാളീദേവിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കേതിര വിവിധ സംസ്ഥാനങ്ങളില്‍ കേസ്. മഹുവയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആറ് സംസ്ഥാനങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിദ്വേഷ പ്രസ്താവന നടത്തിയ മഹുവയെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. കൊല്‍ക്കത്തയില്‍ മഹുവയ്ക്കെതിരേ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
പരാതികള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഞാനൊരു കാളി ഭക്തയാണ്. എനിക്കൊന്നിനേയും പേടിയില്ല. നിങ്ങളുടെ ഗുണ്ടകളേയോ നിങ്ങളുടെ പോലീസിനേയോ നിങ്ങളുടെ പരിഹാസങ്ങളേയോ പേടിയില്ല. സത്യത്തിന് നിങ്ങളുടെ പിന്തുണ വേണ്ടതില്ലെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ലീനാ മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയുടെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്ന കാളീദേവിയുടെ ചിത്രത്തെ കുറിച്ച് മഹുവയോട് അഭിപ്രായം തേടിയത്. കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ പരാമര്‍ശം.
സിക്കിമില്‍ ചെന്നാല്‍, കാളീദേവിക്ക് വിസ്കി നേദിക്കുന്നത് കാണാം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ചെന്ന് ദേവിക്ക് പ്രസാദമായി വിസ്കി നേദിക്കാറുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ അതിനെ ഈശ്വരനിന്ദയെന്ന് പറയുമെന്നും മഹുവ പറഞ്ഞിരുന്നു.
മഹുവയുടെ പരാമര്‍ശത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. മഹുവ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..