ന്യൂഡല്‍ഹി: പോക്സോ നിയമഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം വിവരിച്ച് രാജ്യസഭാംഗം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

പോക്സോ നിയമ ഭേദഗതി ബില്ലിനെ ഏറെ സന്തോഷത്തോടെ ശക്തമായി പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരനുഭവങ്ങള്‍ മറച്ചുവെക്കാതെ തുറന്നുപറയാന്‍ കുട്ടികള്‍ ധൈര്യം കാണിക്കണം.

'ഏറെ ദുഃഖത്തോടെ ഞാനൊരു കാര്യം പറയാം. രാജ്യം അതറിയണം, എന്റെ കുടുംബത്തിന് അതറിയാം. എനിക്ക് 13 വയസ്സ് പ്രായം. ടെന്നീസ് പരിശീലനം കഴിഞ്ഞ് ബസില്‍ യാത്രചെയ്യുന്ന സമയം. ചെറിയ പാന്റ്സും ടീഷര്‍ട്ടുമായിരുന്നു വേഷം. തിരക്കുള്ള ബസിലായിരുന്നു യാത്ര. അതിനിടയില്‍ ഞാന്‍ ലൈംഗികമായി ചൂഷണത്തിനിരയായി. എന്റെ പാന്റ്സിലേക്ക് ഒരാള്‍ ശുക്ലം തെറിപ്പിച്ചു. അത് ആരായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷേ, ഞാന്‍ ലൈംഗിക ചൂഷണത്തിനിരയായി'- അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും ഡെറിക് ഒബ്രിയാന്‍ വ്യക്തമാക്കി. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് ഇക്കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പോക്സോ നിയമത്തിലെ പ്രധാന ഭേദഗതി. രാജ്യസഭ നിയമഭേദഗതി പാസാക്കി.

Content Highlights: trinamool mp derek o'brein says that he was sexually abused in childhood, when he travel in bus a man ejaculated on his pants. he said about this incident in rajysabha during pocso amendment bill discussion