കൊല്‍ക്കത്ത: ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷ് ത്രിപുരയില്‍ അറസ്റ്റില്‍. സയോണിയെ പോലീസ് സ്‌റ്റേഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചു. മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പരിപാടി തടസ്സപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബി.ജെ.പി വാദം.

പശ്ചിമ ബംഗാള്‍ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ സായോണി ഘോഷിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഈസ്റ്റ് അഗര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്നാണ് തൃണമൂലിന്റെ ആരോപണം. സയോണിക്കൊപ്പമുണ്ടായിരുന്ന സുസ്മിത ദേബ് എം.പി, കുണാല്‍ ഘോഷ്, സുബല്‍ ഭൗമിക് എന്നിവര്‍ക്കും മര്‍ദനമേറ്റതായി പാര്‍ട്ടി ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാനായി മുതിര്‍ന്ന തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി ഉടന്‍ ത്രിപുരയിലെത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിലറിയിച്ചു.

പോലീസ് സ്‌റ്റേഷനില്‍ സായോണി ഘോഷിനെ ചോദ്യം ചെയ്യുന്നതിനിടെ അവിടെ കൂടിയ ആളുകളെ ഒരു കൂട്ടം അക്രമികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും ത്രിപുര പോലീസ് പ്രതികരിച്ചു. വൈകുന്നേരത്തോടെയാണ് വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് സയോണി ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി സമീപകാലത്ത് ത്രിപുര പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ത്രിപുരയില്‍ തൃണണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമങ്ങള്‍ നടക്കുന്നതായി പാര്‍ട്ടി ആരോപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

Content Highlights: Trinamool Leader Arrested In Tripura, Party Alleges Attack By "BJP Goons"