സാകേത് ഗോഖലെ | Photo : Facebook / Saket Gokhale
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് രാജസ്ഥാനില്‍ നിന്ന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെക്കെതിരെയുള്ള പോലീസ് നടപടിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
മോദിയുടെ മോര്‍ബി സന്ദര്‍ശനം, പ്രദേശത്തെ പാലം തകര്‍ന്ന് 130 ലേറെ പേര് മരിക്കാനിടയായ സംഭവം എന്നിവയെ പരാമര്‍ശിച്ചായിരുന്നു ഗോഖലെയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ മണിക്കൂറുകള്‍ മാത്രം നീണ്ട മോര്‍ബി സന്ദര്‍ശനത്തിന് 30 കോടി രൂപ ചെലവായെന്നുള്ള പ്രാദേശിക പത്രവാര്‍ത്തയുടെ ഫോട്ടോ ഉള്‍പ്പെടെയായിരുന്നു ഗോഖലെയുടെ ട്വീറ്റ്. ഡിസംബര്‍ ഒന്നിനായിരുന്നു ഗോഖലെ ട്വീറ്റ് ചെയ്തത്. വ്യക്തിഗത വിവരാവകാശ അപേക്ഷയിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്ശനച്ചെലവിന്റെ കണക്ക് ലഭിച്ചതെന്നും മാധ്യമവാര്‍ത്തയില്‍ പറഞ്ഞിരുന്നു.
മുപ്പത് കോടിയില്‍ 5.5 കോടി രൂപ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനും പരിപാടി നടത്തിപ്പിനും ഫോട്ടോ എടുക്കുന്നതിനും ചെലവായതായും പാലം തകര്‍ന്നുവീണ് ജീവന് നഷ്ടമായ 135 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം ആകെ അഞ്ച് കോടി രൂപ ചെലവായെന്നും ഗോഖലെ കുറിച്ചു. മോദിയുടെ പരിപാടിയ്ക്ക് ചെലവായ തുക 135 പേരുടെ ജീവന് നല്കിയ വിലയെക്കാള്‍ അധികമാണെന്നും ഗോഖലെ ട്വീറ്റില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍, ഗോഖലെയുടെ ട്വീറ്റില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രസ് ഇന്‍ഫര്‍നേഷന്‍ ബ്യൂറോ (പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗം അതേ ദിവസം തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തി. മാധ്യമവാർത്തയില്‍ പറയുന്നതുപോലെ വിവരാവകാശ അപേക്ഷ ലഭിക്കുകയോ മറുപടി നല്‍കുകയോ ഉണ്ടായിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.
സാകേത് ഗോഖലെയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സാകേത് ഗോഖലെ തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് ജയ്പുരിലെത്തിയതായും അവിടെവെച്ച് ഗുജറാത്ത് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡെറക് ഒ ബ്രയാന്‍ ട്വീറ്റ് ചെയ്തു. ഗോഖലെയുടെ ഫോണുള്‍പ്പെടെയുള്ള വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തതായും മോര്‍ബി പാലം തകര്‍ച്ചയെക്കുറിച്ചുള്ള ഗോഖലെയുടെ ട്വീറ്റ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍സെല്‍ ചമച്ചെടുത്തതാണെന്നും ബ്രയാന്‍ ആരോപിച്ചു.
Content Highlights: Trinamool Congress, Saket Gokhale, Detained, Morbi, Narendra Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..