കൊല്‍ക്കത്ത: കൊല്‍ക്കത്ത വാക്‌സിനേഷന്‍ തട്ടിപ്പില്‍ പുതിയ വഴിത്തിരിവ്. വാക്‌സിന്‍ തട്ടിപ്പ് കേസ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ ആയുധാക്കിയിരിക്കുകയാണിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റോയ് രണ്ട് ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ഫോട്ടോയിലുള്ളത് കൊല്‍ക്കത്ത വാക്‌സിന്‍ തട്ടിപ്പ് കേസിലെ പ്രധാനി ദിബഞ്ജന്‍ ദേബും അദ്ദേഹത്തിന്റെ അംഗരക്ഷകനുമാണ് . ബിഎസ്എഫ് ജവാനായിരുന്നു താനെന്നാണ് അംഗരക്ഷകനായ അമിയ വൈദ്യ പറയുന്നത്. ജൂണ്‍ 23-ന് ദക്ഷിണ കൊല്‍ക്കത്തയിലെ കസ്ബയില്‍ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയതിലൂടെയാണ് ദിബഞ്ജന്‍ ദേബ് അറസ്റ്റിലാകുന്നത്. വ്യാജ ഐഎഎസ് ഓഫീസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്.

ദിബഞ്ജന്‍ ദേബിന്റെ അംഗരക്ഷകന്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന് സമീപത്തായി നില്‍ക്കുന്ന ഫോട്ടോയാണ് രണ്ടാമത്തേത്. ജഗ്ദീപ് ധന്‍കറിന്റെ ഭാര്യക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കും പിന്നിലായിട്ടാണ് ഇയാള്‍ നില്‍ക്കുന്നത്.

ഗവര്‍ണറും വാക്‌സിന്‍ തട്ടിപ്പുകാരന്റെ അംഗരക്ഷകനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം. ദിബഞ്ജന്‍ ദേബ് വലിയ സ്വാധീനമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ പോലും ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു.

അതേ സമയം ദിബഞ്ജന്‍ ദേബിനൊപ്പം നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയത്.

വാക്‌സിന്‍ തട്ടിപ്പിനെ രാജ്ഭവനെതിരെ വഴിതിരിച്ചുവിടാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എതിര്‍ത്തു. എല്ലാ ദിവസവും കള്ളം പറയാനും സ്വയം രക്ഷിക്കാനുമാകില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ മനസ്സിലാക്കണമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂലുമായുള്ള തട്ടിപ്പുകാരുടെ ബന്ധത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.