റാഞ്ചി: പ്രകൃതിയെ ആരാധിക്കുന്ന രീതി പിന്തുടരുന്ന വിഭാഗമായ 'സര്‍ണ'യ്ക്ക് മതപദവി നല്‍കണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡിലെ ഗോത്ര വിഭാഗങ്ങള്‍. സെന്‍സസില്‍ തങ്ങളെ പുതിയ മതവിഭാഗമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ ബിജെപിയുടെ മുന്‍ സഖ്യ കക്ഷിയായിരുന്ന ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ 'സര്‍ണ'യ്ക്ക് മതപദവി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല.

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി കക്ഷികള്‍ ചേര്‍ന്ന മഹാസഖ്യമാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം തികച്ചത്. പുതിയ സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങളുടെ പ്രത്യേക മതപദവി ആവശ്യം പരിഗണിക്കുമോയെന്ന് കണ്ടറിയണം

'സര്‍ണ'യെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ഗോത്രവിഭാഗങ്ങളുടെ ആവശ്യം ദീര്‍ഘനാളായി ഉള്ളതാണ്. ജാര്‍ഖണ്ഡില്‍ 32 ഗോത്രവിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം പ്രാക്തന ഗോത്ര വിഭാഗങ്ങളാണ്. ഗോത്ര വിഭാഗക്കാര്‍ ഹിന്ദു മതവിശ്വാസികളാണ്. ഇവരില്‍ ചിലര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. 

'സര്‍ണ'യ്ക്ക് പ്രത്യേക മത പദവി വേണമെന്ന ആവശ്യം തങ്ങളുടെ മത അസ്തിത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയാണെന്നാണ് ഇവരുടെ വാദം. 62 ലക്ഷത്തോളം 'സര്‍ണ' മതവിശ്വാസികള്‍ ഉണ്ടെന്നാണ് ഇവരുടെ കൂട്ടായ്മയായ 'രാജി പധാ സര്‍ണ പ്രാര്‍ഥന സഭ'യുടെ അവകാശ വാദം. അതേസമയം സെന്‍സസില്‍ ഇവരുടെ ആവശ്യം പരിഗണിക്കപ്പെടാന്‍ ഇടയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

തങ്ങളുടെ അനുയായികള്‍ എത്രപേരുണ്ടെന്ന് അറിയാന്‍ 2021ല്‍ പ്രത്യേകം സര്‍വേ നടത്താനാണ് 'രാജി പധാ സര്‍ണ പ്രാര്‍ഥന സഭ'യുടെ തീരുമാനം. 2011ല്‍ നടന്ന സെന്‍സസില്‍ ജാര്‍ഖണ്ഡിലെ 42 ലക്ഷം ആളുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറ് കോടിയോളം ആളുകളും തങ്ങളുടെ മതം സര്‍ണയെന്നാണ് രേഖപ്പെടുത്തിയതെന്നും എന്നാല്‍ ഇവരെ മറ്റ് മതവിഭാഗങ്ങളുടെ കൂട്ടത്തിലാണ് പരിഗണിച്ചതെന്നുമാണ് ഇവര്‍ കരുതുന്നത്. 

2001ല്‍ നടന്ന സെന്‍സസില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ് മതങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു. 2011ലും ഇതേ രീതിയിലാണ് സെന്‍സസ് നടന്നത്. എന്നാല്‍ 1951ല്‍ നടന്ന സെന്‍സസില്‍ ട്രൈബ് എന്ന മതവിശ്വാസത്തിന്റെ കോളം ഉള്‍പ്പെടുത്തയിരുന്നുവെന്നും ഇത് പില്‍ക്കാലത്ത് ഒഴിവാക്കുകയുമായിരുന്നുവെന്ന് മതപദവി ആവശ്യപ്പെടുന്നവര്‍ പറയുന്നു.

Content Highlights: Tribals demand separate religion in Jharkhand