ഒറ്റ മാവ്, അതില്‍ 121 തരം മാമ്പഴങ്ങള്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് വിവിധയിനം മാങ്ങകളുണ്ടാകുന്ന ഈ മാവുള്ളത്‌. പുതിയതരത്തിലും സ്വാദിലുമുള്ള മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള  ഗവേഷകരുടെ ശ്രമങ്ങളാണ് പതിനഞ്ച് കൊല്ലത്തോളം പ്രായമുള്ള ഈ മാവിനെ ഒരു 'അദ്ഭുതവൃക്ഷ'മാക്കിത്തീര്‍ത്തത്. 

മാമ്പഴങ്ങളുടെ പേരില്‍ നേരത്തേ തന്നെ പേരുകേട്ട സ്ഥലമാണ് സഹാരന്‍പുര്‍. അഞ്ച് കൊല്ലം മുമ്പാണ് പുതിയയിനം മാങ്ങകള്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഗവേഷകര്‍ ജില്ലയിലെ കമ്പനി ബാഗ് പ്രദേശത്ത് ആരംഭിച്ചതെന്ന് സഹാരന്‍പുര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഭാനു പ്രകാശ് റാം പറഞ്ഞു. ജില്ലയിലുടനീളം മാംഗോ ഹോര്‍ട്ടികള്‍ച്ചര്‍ നടത്തിവരുന്നുണ്ട്. അതു കൊണ്ട് തന്നെ പുതിയ ഇനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് ഭാനു പ്രകാശ് റാം കൂട്ടിച്ചേര്‍ത്തു. 

അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ ജോയിന്റ് ഡയറക്ടറായിരുന്ന രാജേഷ് പ്രസാദാണ് 121 തരത്തിലുള്ള മാവിന്‍ശാഖകള്‍ ഒറ്റ മാവില്‍ ഗ്രാഫ്റ്റ് ചെയ്ത് യോജിപ്പിച്ചത്. ഒരു മാവിന്റെ ശിഖരങ്ങളില്‍ വിവിധയിനം മാവുകളുടെ ശാഖകള്‍ ഗ്രാഫ്റ്റ് ചെയ്തായിരുന്നു പരീക്ഷണം. പിന്നീട് വൃക്ഷത്തെ പരിപാലിക്കാന്‍ ഒരു നഴ്‌സറിയെ ചുമതലപ്പെടുത്തി. പരീക്ഷണം വിജയമായി, ഇപ്പോള്‍ മാവിന്റെ വിവിധ ശാഖകളില്‍ കായ്ക്കുന്നത്‌ വിവിധയിനം മാമ്പഴങ്ങളാണ്. 

സാധാരണക്കാര്‍ക്കും ഇത്തരത്തിലുള്ള മാവുകള്‍ വളര്‍ത്തിയെടുക്കാവുന്നതാണെന്ന് ഭാനു പ്രകാശ് റാം പറഞ്ഞു. രാംകേല, അമ്രപാലി, ലാംഗ്ര, ലഖ്‌നൗ സഫേദ,സഹാരന്‍പുര്‍ അരുണ്‍, സഹാരന്‍പുര്‍ വരുണ്‍, സഹാരന്‍പുര്‍ സൗരഭ്, സഹാരന്‍പുര്‍ രാജീവ്, സഹാരന്‍പുര്‍ രാജീവ്...തുടങ്ങി പ്രശസ്തമായ പലയിനം മാമ്പഴങ്ങള്‍ ഈ മാവില്‍ കായ്ക്കുന്നുണ്ട്. 

'മാംഗോ മാന്‍' എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ മലിഹാബാദ് സ്വദേശിയായ ഹാജി കലിമുല്ലാ ഖാന്‍ ഒറ്റ മാവില്‍ 300 ഓളം വിവിധയിനം മാമ്പഴങ്ങള്‍ വികസിപ്പെടുത്തിരുന്നു. ഇദ്ദേഹത്തിന് 2008 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു.   

 Content Highlights: Tree in Saharanpur Uttar Pradesh has 121 varieties of mangoes