ബിഹാറിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടതിൻറെ ദൃശ്യം. | Photo: PTI
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'അഗ്നിപഥ്' സൈനിക റിക്രൂട്ട്മെന്റിനെതിരേ പ്രതിഷേധം പുകയുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചു.
ബിഹാറിലെ സരന്‍ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. അഗ്നിപഥ് റിക്രൂട്ട്മെന്റ് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആര റെയില്‍വേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് പ്രതിഷേധക്കാര്‍ തീയിടുകയും കോച്ചുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ബിഹാറില്‍ ഗയ, മുംഗര്‍, സിവാന്‍, ബക്സര്‍, ബാഗല്‍പുര്‍ എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഹരിയാനയിലെ രേവാരിയില്‍ പ്രതിഷേധക്കാര്‍ ബസ് സ്റ്റാന്റ് ഉപരോധിച്ചു, ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുഗ്രാം-ജയ്പുര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു.
ബിഹാറിലെ നവാഡയില്‍ ബിജെപി എംഎല്‍എ അരുണ ദേവിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. എംഎല്‍എ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നവാഡയിലെ ബിജെപി ഓഫീസും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബിര്‍ളാനഗര്‍ റെയില്‍വേ സ്റ്റേഷന് പ്രതിഷേധക്കാര്‍ കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷനിലെ ചവറ്റുകുട്ടകള്‍ കത്തിച്ച് റെയില്‍വേ ട്രാക്കുകളില്‍ ഉപേക്ഷിക്കുകയും നിര്‍ത്തിയിട്ട ട്രെയിനുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. സ്റ്റേഷന് മാസ്റ്ററുടെ മുറിയും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാര്‍ കണ്ട്രോള് സിസ്റ്റം തകര്‍ത്തെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഗ്വാളിയോര്‍, ബിര്‍ളാനഗര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഏകദേശം 1200 യുവാക്കളാണ് പ്രതിഷേധിച്ചത്.
റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി-മുംബൈ റൂട്ടില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഏഴ് ട്രെയിനുകളുടെ സര്‍വീസ് മുടങ്ങി.
കണ്ണീര് വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നിയന്ത്രിക്കുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധി, മായാവതി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ അഗ്നിപഥ് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..