ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ട്രെയിന്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകും. ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇത്തരമൊരു ധാരണയുണ്ടായതായി അറിയുന്നത്.
40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്.
വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി തുടങ്ങിയവരും ചര്‍ച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവർ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.
പാര്‍ക്കിങ് ഫീസിനത്തിലും വിമാന കമ്പനികള്‍ക്ക് ബാധ്യത വരുന്നതും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അതേ സമയം എയര്‍ ഇന്ത്യ ചില പ്രത്യേക ആഭ്യന്തര സര്‍വ്വീസുകള്‍ക്കുള്ള ബുക്കിങ് മെയ് 4ന് ആരംഭിക്കുമെന്നും അന്താരാഷ്ട്ര സര്‍വ്വീസിനുള്ള ബുക്കിങ് ജൂണ്‍ 1ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ യോഗത്തിൽ തീവണ്ടി ഗതാഗതവും വ്യോമ ഗതാഗതവും എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല.
എന്ന് ട്രെയിന്‍, വിമാന സര്‍വീസുകള്‍ തുടങ്ങാം എന്ന് യോഗം തീരുമാനിച്ചില്ലെങ്കിലും സമയമെടുക്കും എന്നാണ് വിലയിരുത്തല്‍. എല്ലാ രംഗത്തും ഇളവുകള്‍ നല്‍കി ഏറ്റവും അവസാനമായി മാത്രമാകും ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കൂ.
അതേ സമയം ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി തിരുവനന്തപുരം മുതല്‍ ഭുവനേശ്വര്‍ വരെ നോണ്‍ സ്‌റ്റോപ് തീവണ്ടി അനുവദിക്കാനുള്ള സാധ്യതയുമുണ്ട്.
രാജ്യത്ത് ഭക്ഷ്യക്ഷാമമോ മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവോ ഇല്ലെന്ന് രാംവിലാസ് പാസ്വാന്‍ യോഗത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോചനയിലൂടെ 31000 കോടി രൂപ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 33 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് എത്തിക്കാനുള്ള തീരുമാനത്തെ യോഗം അഭിനന്ദിച്ചു.
ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ സര്‍വീസുകളും ആഭ്യന്തര വിമാനങ്ങളും സര്‍വീസ് തുടങ്ങിയേക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും രാജ്യാന്തരയാത്രകള്‍ക്കും ലോക്ക്ഡൗണിന് ശേഷവും കാത്തിരിക്കേണ്ടി വരും.
content highlights: train flight services wont start soon after may 3
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..