പനാജി: ഗോവ പോലീസ് 2018 ല്‍ പിടികൂടിയത് 7.74 ലക്ഷം ഗതാഗത നിയമലംഘനങ്ങള്‍. പിഴയിനത്തില്‍ ചുമത്തിയത് 9.19 കോടിരൂപ. 2011 ലെ സെന്‍സസ് പ്രകാരം 14.59 ലക്ഷമാണ് ഗോവയിലെ ജനസംഖ്യ. ഒരു വര്‍ഷത്തിനിടെ പോലീസ് പിടികൂടിയ ഗതാഗത നിയമ ലംഘനങ്ങളുടെയെണ്ണം സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുമെന്ന് ഡിജിപി മുക്തേഷ് ചന്ദര്‍ പറഞ്ഞു.

ട്രാഫിക് പോലീസ് വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണം ഡിജിപി തള്ളി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗതാഗത നിയമലംഘനങ്ങള്‍ 48 ശതമാനം വര്‍ധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

ഗതാഗത നിയമത്തില്‍ വിനോദ സഞ്ചാരിയെന്നോ പ്രദേശവാസിയെന്നോ വ്യത്യാസമില്ല. വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ രാജ്യത്തെ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ബാധിസ്ഥരാണ്. എന്നാല്‍, ഏതെങ്കിലും വിനോദ സഞ്ചാരിയെ പോലീസ് ബുദ്ധിമുട്ടിച്ചുവെന്ന പരാതി ഉയര്‍ന്നാല്‍ അക്കാര്യം പരിശോധിക്കാന്‍ തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.

ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളെ പോലീസ് വേട്ടയാടുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ഗോവയില്‍നിന്ന് വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്ന സഞ്ചാരികളെയും മറ്റുസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ എത്തുന്നവരെയും പോലീസ് ദ്രോഹിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Content Highlights: Goa, traffic violators,  traffic police