ഹൈദരാബാദ്:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ വ്യാപാരികള്‍ സ്വയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്. 

ഇതനുസരിച്ച് വരുന്ന ഞായറാഴ്ച മുതല്‍ ജൂലൈ  എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം. ചാര്‍മിനാറിന്റെ പരിസരത്തുള്ള ലോകപ്രശസ്തമായ ലാഡ് ബസാര്‍(വള വില്‍പന കമ്പോളം )  ബീഗം ബസാര്‍,  റാണിഗഞ്ചിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. 

തെലങ്കാനയില്‍  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 800ന് മുകളില്‍ കോവിഡ് കേസുകളാണ് പുറത്തു വരുന്നത്. ഇതില്‍ ഭൂരിഭാഗവും ഹൈദരാബാദിലാണ്. പൊതുജനങ്ങള്‍ കച്ചവട കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഏറാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വ്യാപാരി സമൂഹം സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 

കോവിഡ് പിടിമുറുക്കും മുന്‍പ് ദിവസേന കോടിക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന കമ്പോളങ്ങളായിരുന്നു ഇവ. മെയ് മധ്യത്തോടെ സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും വിനോദ സഞ്ചാരികള്‍ എത്താതായതോടെ കച്ചവട തെരുവുകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ആവാത്ത സാഹചര്യം വന്നുചേര്‍ന്നു.

ഇന്ന് മാത്രം  774 പേര്‍ക്കാണ് ഹൈദരാബാദില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ രോഗംബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 237 ആയി.  7436 പേരാണ് ചികിത്സയിലുള്ളത്. 

Content highlights: Traders in Hyderabad have announced the self  lock down