മുംബൈ:  304 ലക്ഷം കോടി രൂപ. മുഴുവന്‍ ഇന്ത്യക്കാരുടെയും വ്യക്തിഗതമായ സ്വത്തിന്റെ മതിപ്പു കണക്കാണിത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇത് 558 ലക്ഷം കോടിയായി വളരുമെന്നും കണക്കുകൂട്ടുന്നു. പ്രമുഖ ധനകാര്യ സ്ഥാപനമായ കാര്‍വിയുടെ 2016 ലെ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ സമ്പാദ്യത്തിന്റെ മതിപ്പുമൂല്യം കണക്കാക്കിയിരിക്കുന്നത്. 

2016 സാമ്പത്തിക വര്‍ഷം ഇന്ത്യക്കാരുടെ സമ്പാദ്യത്തിലുണ്ടായ വളര്‍ച്ച 8.5 ശതമാനമാണ്. പ്രതിവര്‍ഷം 12.9 ശതമാനമെന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത് 558 ലക്ഷം കോടിയായി ഇന്ത്യക്കാരുടെ സമ്പാദ്യം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ഓഹരി നിക്ഷേങ്ങള്‍ അടക്കം ഇന്ത്യക്കാരുടെ ധനപരമായ ആസ്തി 7.14% വര്‍ധിച്ച് ഈ സാമ്പത്തിക വര്‍ഷം 172 ലക്ഷം കോടിയായി. എന്നാല്‍ 2015 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ധനപരമായ ആസ്തിയില്‍ വളര്‍ച്ച കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 19% ശതമാനം വളര്‍ച്ചയുണ്ടായിരുന്നിടത്താണ് ഈ വര്‍ഷം 7.14 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയത്. ഓഹരിമൂല്യത്തിലുണ്ടായ ഇടിവാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ ഇടയാക്കിയത്.