ഭോപ്പാല്‍: ഒരുമാസം മുന്‍പ് മരിച്ച തന്റെ പിതാവ് ആയുര്‍വേദ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന വിചിത്ര വാദവുമായി മധ്യപ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്. മധ്യപ്രദേശ് പോലീസിലെ അഡീഷണല്‍ ജനറല്‍ ഓഫ് പോലീസ് ആയ രാജേന്ദ്ര കുമാര്‍ മിശ്രയാണ് ഇത്തരത്തില്‍ തന്റെ പിതാവിന്റെ മൃതദേഹം ഒരു മാസത്തോളം വീട്ടില്‍ സൂക്ഷിച്ചത്.
ജനുവരി 14നാണ് രാജേന്ദ്ര കുമാര്‍ മിശ്രയുടെ പിതാവ് ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ച മൃതദേഹം വല്ലാതെ അഴുകിയതിനെ തുടര്‍ന്ന് ജീവനക്കാരന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ വിവരം പുറംലോകം അറിയുന്നത്. എന്നാല്‍ പരാതികള്‍ ഒന്നും ഇല്ലാത്തതിനാല്‍ തങ്ങളുടെ ഈ ഉന്നത ഉദ്യോഗസ്ഥന്റെ നടപടിയോട് എങ്ങനെ പ്രതികരിക്കണെ എന്നറിയാതെ കുഴങ്ങിയിരിക്കയാണ് പോലീസ്.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് മിശ്രയുടെ നിലപാട്. ആശുപത്രിയിലെ ആളുകള്‍ എന്ത് പറഞ്ഞു എന്ന കാര്യം തനിക്കറിയില്ല. പിതാവ് ഇപ്പോള്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ ചികിത്സയിലാണെന്നും മിശ്ര വ്യക്തമാക്കി. എന്നാല്‍ പിതാവിനെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തോട് പറ്റില്ല എന്നാണ് മിശ്ര പ്രതികരിച്ചത്.
'താന്‍ മൃതദേഹം പരിശോധിച്ചിരുന്നു. മെഡിക്കല്‍ സയന്‍സ് പ്രകാരം അദ്ദേഹം ഇപ്പോള്‍ ജീവനോടെ ഇല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. താന്‍ പരിശോധിക്കുന്ന സമയത്ത് മൃതദേഹം അഴുകിയിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് തനിക്ക് പറയാനാകില്ല, അദ്ദേഹം സമാധിയിലാണെന്നാണ് വീട്ടുകാർ പറയുന്നത്' - സംസ്ഥാനത്തെ മുന്‍ ഫോറന്‍സിക്ക് മേധാവി ഡോ ഡി.കെ സത്പതി മാധ്യമങ്ങളോട് പ്രതികരിച്ചു.
മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മിശ്രയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പലരും ജോലിയില്‍ നിന്ന് അവധി എടുത്തിരുന്നു. മൃതദേഹം പുനരുജ്ജീവിപ്പിക്കാനായി വീട്ടുകാര്‍ മന്ത്രവാദിയെ വരുത്തിയതായും ഇവര്‍ വെളിപ്പെടുത്തി.
content highlights: Top police officer keeps father’s body for a month