ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു. പാകിസ്താന്‍ പൗരനും ലഷ്‌കറെ തൊയ്ബ ഉന്നത കമാന്‍ഡറുമായ ഹൈദറിനെയാണ് സുരക്ഷാസേന വധിച്ചതെന്ന് കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു.

കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ചാഞ്ച്മുല്ല മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ടുമണിക്കൂറോളം നീണ്ടുനിന്നു. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരവാദികള്‍ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും ഭീകരരുമായി ഏറ്റമുട്ടലുണ്ടാവുകയും ചെയ്തു. ഹൈദര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്.

മണിക്കൂറുകള്‍ നീണ്ടുനിന്ന ഓപ്പറേഷനില്‍ ഒരു കേണലും ഒരു മേജറും ഉള്‍പ്പെടെ അഞ്ച് സുരക്ഷാസൈനികര്‍ വീരമൃത്യുവരിച്ചു. രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂഡ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക്ക് ദിനേഷ്, പോലീസ് ഉദ്യോഗസ്ഥന്‍ ഷക്കീല്‍ അഹമ്മദ് ഖ്വാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.

content highlights: Top Lashkar-e Taiba commander Haider from Pakistan killed in Handwara encounter: IG Kashmir Vijay Kumar