ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്. ഇക്കാര്യം കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അവന്തിപോരയിലെ ട്രാല്‍ മേഖലയിലെ തില്‍വാനി മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഒന്നോ രണ്ടോ ഭീകരവാദികള്‍ മേഖലയില്‍ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ സംശയം. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആര്‍.പി.എഫും പോലീസും മേഖലയില്‍ സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. മേഖലയിലെത്തിയ പോലീസിനു നേര്‍ക്ക് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. 

ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. നാല് ഏറ്റുമുട്ടലുകളില്‍ ഇതുവരെ ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

content highlights: top jem commander killed in encounter with security force