ന്യൂഡല്‍ഹി: രണ്ട് ജ‍ഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശയിൽ കേന്ദ്രസർക്കാർ പ്രകടിപ്പിച്ച വിയോജിപ്പ് സുപ്രീം കോടതി കൊളീജിയം തള്ളി. ഏപ്രില്‍ 12-ന് ശുപാര്‍ശ ചെയ്ത രണ്ട് ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊളീജിയം വീണ്ടും കത്ത് നൽകി. യോഗ്യതയ്ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും കേന്ദ്രത്തിന് ശുപാര്‍ശക്കത്ത് നല്‍കിയിരിക്കുന്നത്.

ജാര്‍ഖണ്ഡ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ പേരുകളായിരുന്നു കൊളീജിയം ആദ്യം നൽകിയത്.  

രണ്ടാമത് നൽകിയ ശുപാർശയിൽ രണ്ട് പേരുകള്‍കൂടി നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുര്യകാന്ത്, ബോംബെ ജഡ്ജി ബി.ആര്‍.ഗവി എന്നിവരെയാണ് ഇന്ന് പുതുതായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും നിയമിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പറിയിച്ചിരുന്നു. ഏപ്രില്‍ 12-നാണ് ഇവരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. വിയോജിപ്പ് അറിയിക്കാന്‍ എന്താണ് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. സീനിയോറിറ്റിയും പ്രാദേശിക പ്രാതിനിധ്യവും പരിഗണിച്ചില്ലെന്നതാണ് വിമര്‍ശനമെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.

അതേ സമയം യോഗ്യത, സീനിയോറിറ്റി, വിവിധ ഹൈക്കോടതികളിലെ പ്രവര്‍ത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവരെ ശുപാര്‍ശ ചെയ്തതെന്നാണ് കൊളീജിയം വ്യക്തമാക്കുന്നത്.

Content Highlights: Top Court Panel Rejects Centre's Objection On 2 Judges, Recommends 2 More