ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തുക.

മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇവരെ സാഹിയിക്കാന്‍ മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വജഹ്ത് ഹബീബുള്ളയേയും നിയോഗിച്ചു. രണ്ടു മാസത്തോളമായി ഷഹീന്‍ബാഗില്‍ പ്രതിഷേധം തുടരുന്നുണ്ട്. പ്രതിഷേധക്കാരെ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുകയാണ് ഇവരുടെ ചുമതല. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജിയില്‍ ഫെബ്രുവരി 24-ന് വീണ്ടും വാദം കേള്‍ക്കും.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണ്. അതേ സമയം റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 'കാഴ്ചപാടുകള്‍ പ്രകടമാക്കുന്നതിലൂടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എന്നാല്‍ അതിന് അതിരുകളും അതിര്‍വരമ്പുകളുമുണ്ട്. നിങ്ങള്‍ക്ക്‌ പ്രതിഷേധിക്കാം അതിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗാതഗതം തടസ്സപ്പെടും. എല്ലാവരും റോഡുകള്‍ ഇങ്ങനെ തടസ്സപ്പെടുത്തിയാല്‍ ആളുകള്‍ എവിടെ പോകും എന്നത് മാത്രമാണ് ഞങ്ങളുടെ ആശങ്ക' ജസ്റ്റിസ് എസ്.കൗള്‍ പറഞ്ഞു.

Content Highlights: Top Court Appoints Lawyer To Talk To Shaheen Bagh Protesters About Shifting