കോടതിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദിശാ രവി |ഫോട്ടോ:പി.ടി.ഐ(ഫയൽ)
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയുടെ 'ടൂള്‍ കിറ്റ്' കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു പങ്കുവെച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ന്യൂഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ടൂള്‍ കിറ്റ് പങ്കുവെച്ചതിനു ദിശാ രവിയെ രാജ്യദ്രോഹക്കേസ് ചുമത്തി ജയിലിലടച്ചിരുന്നു.
തനിക്കെതിരേയുള്ള എഫ്.ഐ.ആറില്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ പോലീസിനെ വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ദിശ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ദിശയുടെ ഹര്‍ജി പൊതുപ്രാധാന്യമുള്ള സുപ്രധാന ചോദ്യമുയര്‍ത്തുന്നുവെന്ന് ജസ്റ്റിസ് രേഖാ പള്ളി പറഞ്ഞു.
അതേസമയം, ദിശാ രവിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായതിനു പിന്നില്‍ തങ്ങളല്ലെന്ന് ഡല്‍ഹി പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രജ് നായര്‍ പറഞ്ഞു. ദിശാ രവിയുടെ ചാറ്റ് വിവരങ്ങള്‍ ഡല്‍ഹി പോലീസാണ് പുറത്തുവിട്ടതെന്ന ആരോപണം തെറ്റാണെന്നും വസ്തുതാപരമായി ശരിയല്ലെന്നും അഭിഭാഷകന്‍ അമിത് മഹാജന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ദിശാ രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളോ സംഭാഷണങ്ങളോ ഔദ്യോഗികമായി പത്രസമ്മേളനങ്ങളിലോ ടി.വി. സംപ്രേക്ഷണങ്ങളിലോ പങ്കുവെച്ചിട്ടുള്ളതല്ലാതെ ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളുമായോ അല്ലെങ്കില്‍ വ്യക്തികള്‍ക്കോ കൈമാറിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് സൈബര്‍ സെല്‍ യൂണിറ്റ് ഡി.സി.പി. അന്‍യേഷ് റോയ് വ്യക്തമാക്കി.
ദിശ പോലീസ് കസ്റ്റഡിയിലിരിക്കേ അവരുടെ സ്വകാര്യ ചാറ്റുകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഖില്‍ സിബല്‍ കോടതിയെ അറിയിച്ചു. തങ്ങളല്ല ചാറ്റുവിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പോലീസ് കോടതിയില്‍ അവകാശപ്പെട്ടപ്പോള്‍ അത് ചെയ്തത് പോലീസാണെന്ന് മാധ്യമങ്ങള്‍ കൃത്യമായി പറഞ്ഞുവെന്ന് ദിശയ്ക്കുവേണ്ടി ഹാജരായ അഖില്‍ സിബല്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സമൂഹികമാധ്യമങ്ങളില്‍ 'ടൂള്‍ കിറ്റ്' പങ്കുവെച്ചതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരി 13-നാണ് ദിശാ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 23-ന് വിചാരണക്കോടതി ദിശയ്ക്ക് ജാമ്യമനുവദിച്ചു.
തന്റെ അറസ്റ്റും തുടരന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണയാല്‍ കടുത്ത അധിക്ഷേപവും മുന്‍വിധിയും അനുഭവിക്കേണ്ടി വരുന്നുവെന്ന് ഹര്‍ജിയില്‍ ദിശ വ്യക്തമാക്കി. ഒട്ടേറെ മാധ്യമസ്ഥാപനങ്ങളില്‍നിന്നും പോലീസില്‍നിന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധത്തില്‍ ആക്രമണം നേരിടുന്നതായും അവര്‍ ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 13-ന് ബെംഗളൂരുവില്‍ വെച്ച് തന്നെ അറസ്റ്റുചെയ്ത ഡല്‍ഹി പോലീസിലെ സൈബര്‍ സെല്ലിന്റെ നടപടി നിയമവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് അവര്‍ ആരോപിച്ചു. വാട്‌സാപ്പ് ചാറ്റുപോലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തി നല്‍കുകയാണ് അറസ്റ്റിനുശേഷം പോലീസ് ആദ്യമായി ചെയ്തതെന്നും അവര്‍ പറഞ്ഞു.
Content Highlights: toolkit case didnt leak activist disha ravis info to media delhi police to high court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..