താനെ: മഹാരാഷ്ട്രയില്‍ തക്കാളി കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. ഈസ്റ്റേണ്‍ എക്‌സപ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അതിവേഗപാതയില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റയാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.  

ട്രക്കില്‍ നിന്ന് 20 ടണ്ണോളം തക്കാളി  റോഡിലേക്ക് മറിഞ്ഞു വീണതാണ് ഗതാഗത സ്തംഭനത്തിനിടയാക്കിയത്. കോപ്‌രി പാലത്തിന് സമീപത്താണ് ട്രക്ക് മറിഞ്ഞത്. മറിഞ്ഞ ട്രക്കിനെ ഉയര്‍ത്താനുള്ള അധികൃതരുടെ ശ്രമത്തിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന തക്കാളിപ്പെട്ടികളും തക്കാളിയും മൊത്തമായി റോഡിലേക്ക് ചിതറിയത്. പോലീസും രക്ഷാദൗത്യസേനയും സംയുക്തമായി തക്കാളി നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.

 

Content Highlights: Tomato-laden truck overturns in Thane one injured