ന്യൂഡല്‍ഹി:  ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. മോചനത്തിനു ശേഷം അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല, നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വികെ സിംങ് വ്യക്തമാക്കി. 

ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നയതന്ത്രപരമായി ഇടപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

ചൊവ്വാഴ്ചയാണ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദീകന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത്. ഒമാന്‍ ഭരണാധികാരിയുടെ ഇടപെടലിലൂടെയാണ് അദ്ദേഹം മോചിതനായത്. മോചനത്തിനു ശേഷം ഫാദര്‍ വത്തിക്കാനിലെത്തിയെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

യമന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടോം ഉഴുന്നാലിലിന്റെ ചിത്രവും ഒമാന്‍ പുറത്തു വിട്ടു. 

2016 മാര്‍ച്ച് നാലിന് യൈമനിലെ ഈഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു ഭീകരര്‍ കോട്ടയം രാമപുരം സ്വദേശിയായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വത്തിക്കാനും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു.