ഗുരുഗ്രാം: കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ടോള്‍ ബൂത്ത് ജീവനക്കാരിയുടെ നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ടോള്‍ നല്‍കാതെ മുന്നോട്ടെടുത്ത കാറിനെ തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലേറ്റി പായുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുരുഗ്രാമിലെ ബൂത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ടോള്‍ നല്‍കാതെ നീങ്ങിയ കാറിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ഏതാനും മീറ്ററുകളോളം നിര്‍ത്താതെ നീങ്ങിയ കാര്‍ നിര്‍ത്തിയയുടന്‍ ജീവനക്കാരന്‍ കാറില്‍ നിന്നിറങ്ങുന്നതും വീണ്ടും കാര്‍ വേഗത്തില്‍ തന്നെ അവിടെ നിന്ന് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറിന് പിന്നാലെ നാല് പേര്‍ ഓടുന്നതും വീഡിയോയില്‍ കാണാം. ഇറങ്ങിയ ശേഷവും ടോള്‍ ജീവനക്കാരന്‍ കാറിനെ തടയാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ ഇയാളെ കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്‌. 

സംഭവത്തെ കുറിച്ച് പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കാര്‍ ഓടിച്ചയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇതേ ടോള്‍ ബൂത്തില്‍ ജീവനക്കാരിയായ യുവതിയുടെ നേരെ ആക്രമണമുണ്ടായിരുന്നു. പാസ് നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാരിയുടെ കൈയില്‍ പിടിച്ചു വലിക്കുന്നതും മുഖത്ത് കൈചുരുട്ടി ഇടിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

 

Content Highlights: Toll Plaza Gurugram Delhi