ബുലന്ദ്ശഹര്‍:  സ്വഛ്ഭാരത് മിഷന്റെ കീഴില്‍ നിര്‍മിച്ച കക്കൂസിന്റെ ചുമരുകളില്‍ പതിച്ച ടൈലുകളില്‍ മഹാത്മാഗാന്ധിയുടേയും അശോക സ്തംഭത്തിന്റെയും ചിത്രങ്ങള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ഗ്രാമങ്ങളിലാണ് ഗാന്ധിജിയും അശോക സ്തംഭവും കക്കൂസില്‍ പതിച്ച ടൈലുകളില്‍ ഇടംപിടിച്ചിരിക്കുന്നത്‌

അതേ സമയം കക്കൂസുകളിലെ ടൈല്‍സിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

ഈ ടൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഗ്രാമത്തലവന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെതിരേ പരാതി ഉന്നയിച്ചപ്പോള്‍ ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം തന്നെയാണ് ഈ ടൈലുകള്‍ സ്ഥാപിച്ചതെന്ന്‌ ഒരു ഗ്രാമവാസി പറഞ്ഞതായി എ.എന്‍.ഐ.വാത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജില്ലാ അധികാരികളുടെ പരിശോധനയില്‍ ബുലന്ദ്ശഹറിലെ ഇച്ചാവാരി ഗ്രാമത്തിലുള്ള പതിമൂന്ന് കക്കൂസുകളില്‍ അശോക സ്തംഭത്തിന്റെയും ചിത്രങ്ങളുള്ള ടൈലുകള്‍ പാകിയതായി കണ്ടെത്തിയിട്ടുണ്ട്. 

ഗ്രാമത്തില്‍ ഏകദേശം 508 കക്കൂസുകളാണ് സ്വച്ഛ്ഭാരത് പദ്ധതിയുടെ കീഴില്‍ നിര്‍മിച്ചത്. ഇതില്‍ 13 എണ്ണത്തിലാണ് ഗാന്ധിജിയും അശോക സ്തംഭവും  ഇടംപിടിച്ചിരിക്കുന്നത്‌. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ ഇത് കണ്ടെത്തിയവയെല്ലാം നീക്കം ചെയ്തു. അതേ സമയം സംഭവത്തെ തുടർന്ന് ഗ്രാമവികസന ഓഫീസർക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. - ബുലന്ദ്ശഹര്‍ ജില്ലാ ഓഫീസര്‍ പറഞ്ഞു.

Content Highlights: Swachbharath mission, UP, National emblem, Gandhi