ബരാബങ്കി (ഉത്തര്‍പ്രദേശ്):  സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച ശൗചാലയം അടുക്കളയാക്കി ഉപയോഗിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലെ അകന്‍പുര്‍ ഗ്രാമത്തിലെ ഒരു കുടുംബം. 

താമസിക്കാന്‍ വീടില്ലാത്തത് മൂലമാണ് ശൗചാലയത്തെ അടുക്കളയാക്കി മാറ്റേണ്ട നിസഹായാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കുടുംബം പറയുന്നു. 

'ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീടില്ല. അതുകൊണ്ട് തന്നെ ഈ ശൗചാലയം ഉപയോഗിക്കാതെ അടുക്കളയാക്കി മാറ്റിയിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട് പക്ഷേ മറ്റുവഴികളില്ല. ഞാന്‍ ശൗചാലയത്തിന് പകരം വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്'കുടുംബത്തിലെ അംഗമായ മാല്‍തി വ്യക്തമാക്കി.

വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുവിട്ടത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തങ്ങള്‍ക്ക് വീട് ലഭിച്ചില്ലെന്നും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് വീട് ലഭ്യമാക്കി തരണമെന്നും മാല്‍തി ആവശ്യപ്പെട്ടു.

'ശൗചാലയം അടുക്കളയായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ ഞങ്ങള്‍ വേറെ എന്താണ് ചെയ്യുക'. മാല്‍തിയുടെ ഭര്‍ത്താവ് രാം പ്രകാശ് ചോദിക്കുന്നു.

ശൗചാലയം അടുക്കളയാക്കി ഉപയോഗിച്ചത് ആരാണോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ആദര്‍ശ് സിങ്ങ് വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് വീടുകള്‍ നല്‍കുന്നുണ്ടെന്നും. ഈ കുടുംബം പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlight: Toilet made under swachh bharat mission being used as kitchen