മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിയെന്നാണ് കാണിക്കുന്നതെന്ന് എന്‍സിപി മേധാവി ശരദ് പവാര്‍. ആറ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

ധുലെ-നന്ദുര്‍ബറില്‍ ബിജെപിയുടെ അമ്രിഷ് പട്ടേലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നതായി ശരദ് പവാര്‍ പറഞ്ഞു. "അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മത്സരിച്ചു. ഒരു വലിയ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണയുണ്ടായിരുന്നു. അവരുടെ പിന്തുണ തുടര്‍ന്നു. അതിനാല്‍ ഇത് ഒരു യഥാര്‍ത്ഥ വിജയമായിരിക്കില്ല.' പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ച  മണ്ഡലങ്ങളുടെ ഫലങ്ങള്‍ സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചിത്രം മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുര്‍, പുണെ എന്നീ സീറ്റുകളില്‍ ബി.ജെ.പിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കാരണം ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് നാഗ്പൂര്‍. പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളില്‍ എന്‍.സി.പിയും വിജയിച്ചു. ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.

Content Highlights: Today's Election Results Show "Picture Has Changed In Maharashtra": Sharad Pawar