ഹിമന്ത ബിശ്വ ശർമ | Photo : ANI
ഗുവഹാത്തി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവെക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അടുത്തകാലത്തായി അസമില്‍ നടന്ന സംഭവങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഹിമന്ത ഇത്തരമൊരു പ്രസ്താവന നടത്തിയത്. സംസ്ഥാനത്തെ പോലീസ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബലാല്‍സംഗം, ലൈംഗിക പീഡനം, കയ്യേറ്റം തുടങ്ങിയ കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും കൊലപാതകം, ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ക്കൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളിലും വേഗത്തിലുള്ള വിചാരണ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വീസ് തോക്ക് തട്ടിയെടുത്തോ അല്ലാതെയോ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പക്ഷം വെടിവെക്കാന്‍ നിയമം അനുശാസിക്കുന്ന പ്രതികളുടെ കാലില്‍ വെടിവെക്കാമെന്നും ഹിമന്ത പറഞ്ഞു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ കാലില്‍ വെടിവെച്ചിടുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവ്യവസ്ഥയില്‍ നിയമപരമായി തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടണമെന്ന് ഹിമന്ത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മാര്‍ഗമില്ലാതെ വരുമ്പോള്‍ മാത്രമാണ് വെടിവെപ്പിന് മുതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ സമ്മര്‍ദത്തിനോ മറ്റ് പ്രലോഭനങ്ങള്‍ക്കോ വഴങ്ങാതെ പോലീസുകാര്‍ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യപരവും ജനസൗഹാര്‍ദപരവുമായ സേവനം പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജോലി, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് വേണ്ടിയുള്ള വ്യക്തിവിവര അന്വേഷണം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും വാഹനാപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ലഭ്യത വൈകാതിരിക്കാന്‍ റോഡപകടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കാലതാമസം കൂടാതെ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹപരിശോധനകള്‍ വേഗത്തിലാക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
പോലീസുകാരുടെ സേവനം മികച്ചതാക്കാന്‍ ഔദ്യോഗികസാഹര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഹിമന്ത ഉറപ്പു നല്‍കി. എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും പ്രതിവര്‍ഷം 2.5 ലക്ഷം രൂപയും, ഒരു വാഹനവും, മൂന്ന് കമ്പ്യൂട്ടറുകളും സ്‌റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യവും ജനറേറ്ററും അനുവദിക്കുമെന്നും ഹിമന്ത പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് കറ കളഞ്ഞ കുറ്റപത്രം തയ്യാറാക്കുന്നതിന് പരിശീലനം നല്‍കുമെന്നും നീതി നിര്‍വഹണത്തിനായി കൂടുതല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പതിനഞ്ച് ദിവത്തിലൊരിക്കല്‍ മെഡിക്കല്‍ പരിശോധനാസൗകര്യം ലഭ്യമാക്കുമെന്നും ഹിമന്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: To Shoot Down Escaping Criminals Must Be Pattern Assam Chief Minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..