ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കുന്നതിനായി പാകിസ്താന്‍ രണ്ട് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ചൈന വികസിപ്പിച്ചെടുത്ത് പാകിസ്താന് നൽകിയ പ്രസ്-1 എന്ന ഉപഗ്രഹവും പാകിസ്താൻ തദ്ദേശിയമായി വികസിപ്പിച്ച പാക് ടി.ഇ.എസ്-1എ എന്നിവയാണ് ഇത്. 

ചൈനയുടെ വിക്ഷേപണ കേന്ദ്രമായ ഷിക്വാന്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ചൈനീസ് നിര്‍മിത പ്രസ്-1 ഉപഗ്ഹ രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്. 

ഇന്ത്യയുടെ മേല്‍ ചാരക്കണ്ണ് പതിപ്പിക്കുന്നതിനുള്ള പാക്-ചൈന ബഹിരാകാശ സഹകരണത്തിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണിത്. ഇതിന് മുമ്പ് 2011-ലാണ് പാകിസ്താന്റെ വാർത്താവിനിമയ ഉപഗ്രഹം  പാക്‌സാറ്റ്-1 ആര്‍ ചൈന വിക്ഷേപിച്ചത്. അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളാണ് പാകിസ്താനുള്ളത്. 

ചൈനയില്‍ നിന്ന് വാങ്ങിയ പ്രസ്-1 സാറ്റ്‌ലൈറ്റ് പാകിസ്താന്റെ ആദ്യ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് സാറ്റ്‌ലൈറ്റാണ്. ചൈന അക്കാദമി ഓഫ് സ്‌പേസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത 17-ാമത് ഉപഗ്രഹമാണിത്.