ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി നീക്കാനുള്ള ഭരണഘടനാ ഭേദഗതിക്കായി ടി.എന്‍. പ്രതാപന്‍ എം.പി. ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു. കേരള, മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ നീക്കങ്ങള്‍ ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ പദവി നീക്കണമെന്നാണ് ടി.എന്‍. പ്രതാപന്റെ ആവശ്യം.
കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭക്കെതിരേയും സര്‍ക്കാരിനെതിരേയും ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ഗവര്‍ണര്‍ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പ്രസ്താവനകള്‍ നടത്തുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സര്‍ക്കാര്‍ രൂപവത്കരണത്തിലും ഗവര്‍ണര്‍മാരുടെ അനാവശ്യ ഇടപെടലുകളുണ്ടായി.
ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഗവര്‍ണര്‍ പദവി കൊണ്ടുവന്നത്. ഇന്നത്തെ കാലത്ത് ഗവര്‍ണര്‍ പദവി അനിവാര്യമല്ല- ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ഈ സമ്മേളനകാലയളവില്‍ തന്നെ തന്റെ സ്വകാര്യബില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: tn prathapan mp against governor post; he submitted private member's bill in parliament