ചെന്നൈ: തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അന്‍പഴകന്‍ അടക്കം 3,943 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 60 പേര്‍കൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി. 50,074 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്.

അതിനിടെ, കോവിഡ് സ്ഥിരീകരിക്കപ്പെട്ട മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഒരാഴ്ചയായി നിരീക്ഷണത്തില്‍ ആയിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി.

മന്ത്രിക്ക് ചുമയ്ക്കുള്ള മരുന്ന് നല്‍കുന്നുണ്ട്. മറ്റുബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അന്‍പഴകന്‍.

അതിനിടെ, സംസ്ഥാനത്ത് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് (ജര്‍മനി ആറ്,ബെഹ്‌റൈന്‍ രണ്ട്, ജപ്പാന്‍ ഒന്ന്, കുവൈത്ത് ഒന്ന്) എത്തിയവരാണ്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും തമിഴ്‌നാട്ടില്‍ എത്തിയ 69 പേര്‍ക്കും (കേരളം ആറ്, ഛത്തീസ്ഗഢ് 30, കര്‍ണാടക 19, ആന്ധ്രാപ്രദേശ് നാല്, പുതുച്ചേരി നാല്, മഹാരാഷ്ട്രാ മൂന്ന്, ഉത്തര്‍പ്രദേശ് രണ്ട്, തെലങ്കാന ഒന്ന്)  കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ഏഴുപേര്‍ക്കും (തെലങ്കാന രണ്ട്, ഡല്‍ഹി ഒന്ന്, കര്‍ണാടക ഒന്ന്, മഹാരാഷ്ട്രാ ഒന്ന്, പശ്ചിമ ബംഗാള്‍ ഒന്ന്, അസം ഒന്ന്)  കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: TN Minister tests positive for coronavirus; 3943 new cases