ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയറുടെ പ്രതിമ ബ്രിട്ടനിൽ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കാംബർലിയിലെ തമിഴ് വിഭാഗക്കാര്‍ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വിറ്ററിൽ കൂടി അറിയിച്ചു. പെന്നിക്യുക്കിന്റെ ജന്മദിനത്തിലാണ് തമിഴ്നാട് സർക്കാർ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്.

1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കിയിൽ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഡാം. 

അണക്കെട്ട് നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്ടിനാവശ്യമായ തുക നൽകാത്തതിനെത്തുടർന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുക്കൾ വിൽക്കുകയും ഈ തുക അണക്കെട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. പെന്നിക്യുക്ക് ആത്മ വിശ്വാസത്തോടെയായിരുന്നു അണക്കെട്ട് നിർമ്മിച്ചതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുസ്മരിച്ചു. 

Content Highlights: TN govt to install statue of Mullaperiyar dam builder Pennycuick in UK