ചെന്നൈ: തമിഴ്‌നാട്ടില്‍ ഏപ്രിലില്‍ അധികാരത്തിലേറിയ ഡിഎംകെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാന എക്‌സൈസ് തീരുവയില്‍ നിന്ന്  പെട്രോളിന് ലിറ്ററിന്  മൂന്ന് രൂപ കുറച്ചതാണ് ബജറ്റിലെ പ്രധാന ജനകീയ പ്രഖ്യാപനം.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് പെട്രോളിനുള്ള എക്‌സൈസ് തീരുവ കുറച്ചതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ത്യാഗരാജന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണം നടത്തിയത്.

ബജറ്റിലെ മറ്റു ചില പ്രഖ്യാപനങ്ങള്‍

  • ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ യോഗ്യരായ കുടുംബങ്ങളിലെ വനിതാ അംഗങ്ങള്‍ക്ക്‌ ആയിരം രൂപ പ്രതിമാസ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചു.
  • കോയമ്പത്തൂരില്‍ 500 ഏക്കറില്‍ പ്രതിരോധ വ്യവസായ പാര്‍ക്ക് പ്രഖ്യാപിച്ചു. ഇതിന് 3000 കോടിയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.
  • സ്ത്രീ ബസ് യാത്രികര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 703 കോടിയുടെ ഗ്രാന്‍ഡ് 
  • അടുത്ത പത്ത് വര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ വന്‍തോതില്‍ വൃക്ഷത്തൈ നടീല്‍ പദ്ധതി നടപ്പാക്കും
  • സെക്ട്രട്ടേറിയറ്റിലും മറ്റുവകുപ്പുകളിലും തമിഴ് ഔദ്യോഗിക ഭാഷയായി തുടരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും.