ന്യൂഡൽഹി: ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയതിന് പിന്നാലെ കേന്ദ്രം ഏർപ്പെടുത്തിയ വിഐപി സുരക്ഷ വേണ്ടെന്ന് മുകുൾ റോയ്. കേന്ദ്ര സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

ഇക്കഴിഞ്ഞ മാർച്ചിലാണ് മുകുൾ റോയിയുടെ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്രം 'ഇസെഡ്' കാറ്റഗറിയിലേക്ക് ഉയർത്തിയത്. അതേസമയം, സുരക്ഷ പിൻവലിക്കണമെന്ന മുകുൾ റോയിയുടെ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017-ലാണ് തൃണമൂൽ ബന്ധം അവസാനിപ്പിച്ച് മുകുൾ റോയ് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ ഉപാധ്യക്ഷനായ മുകുൾ റോയിക്ക് 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്രം ഏർപ്പെടുത്തിയത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഇത് 'ഇസെഡ്' കാറ്റഗറിയിലേക്കും ഉയർത്തിയത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും നാല് വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് തൃണമൂലിൽ ചേർന്നത്.

content highlights:TMC's Mukul Roy writes to MHA for withdrawal of Central security cover