കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടിപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കത്ത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഫയല്‍ ചെയ്ത പരാതികള്‍ പരിഗണിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് രണ്ടുപേജുളള കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്നാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ രീതിയില്‍ പക്ഷപാതിത്വത്തോടെയാണ് കമ്മിഷന്റെ പ്രവര്‍ത്തനം.

തങ്ങളുടെ സമീപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറച്ച് നീതി കാണിക്കണം. നിലവില്‍ അവരുടെ പ്രവൃത്തികളെല്ലാം ന്യായരഹിതമാണ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന നാലുഘട്ടത്തിലെങ്കിലും പക്ഷപാതരഹിതമായ, തുല്യനീതി തിരഞ്ഞെ
ടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. തൃണമൂല്‍ പറയുന്നു

പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് മമതാ ബാനര്‍ജിയെ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ കമ്മിഷന്‍ ബിജെപി നേതാക്കള്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തുമ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

'പ്രസംഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് കമ്മിഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയ പ്രസംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ കമ്മിഷന്‍ തയ്യാറായില്ല.'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രസംഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തൃണമൂല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെയും അമിത്ഷായെയും വരും ഘട്ടങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവിഡ് പശ്ചാത്തലത്തില്‍ എട്ടുഘട്ടങ്ങളായിട്ടാണ് ഇത്തവണ പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ചയാണ്. ഏപ്രില്‍ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. 

Content Highlights:TMC writes a letter to Election commission, alleges partisan approach towards BJP