ദീപേന്ദു ബിശ്വാസ് | ഫോട്ടോ: പിടിഐ
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുകയും മമത വന്‍ വിജയത്തോടെ അധികാരത്തില്‍ തുടരുകയും ചെയ്‌തോടെ ബിജെപിയിലേക്ക് പോയ നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലിലേയ്ക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണിപ്പോള്‍. ദീപേന്ദു ബിശ്വാസ് ആണ് ഇതില്‍ ഏറ്റവും പുതിയ ആള്‍.
തൃണമൂലിലേയ്ക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അറിയിച്ച് ദീപേന്ദു ബിശ്വാസ് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തെഴുതിയിരിക്കുകയാണ് ഇപ്പോള്‍. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോകാനുള്ള തീരുമാനം തെറ്റായിരുന്നെന്നും അദ്ദേഹം കത്തില്‍ പറയുന്നു. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ നിഷ്‌ക്രിയമായി ഇരിക്കേണ്ടിവരും എന്ന ഭയത്താല്‍ ഉണ്ടായ വൈകാരിക തീരുമാനമായിരുന്നു അതെന്നും തൃണമൂലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു.
ബസിര്‍ഹട്ട് ദക്ഷിണ്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയിരുന്ന ദീപേന്ദു ബിശ്വാസ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തോടെ തൃണമൂല്‍ വിട്ട നിരവധി നേതാക്കളാണ് ഇപ്പോള്‍ തിരിച്ചെത്താനുള്ള ആഗ്രഹം അറിയിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയാണ്. തിരിച്ചുവരവിന്റെ കാര്യം പരസ്യമായി അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും ഇത്തരത്തില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുന്‍പ് മമതയുടെ വിശ്വസ്തയായിരുന്ന സോണാലി ഗുഹ, സരള മുര്‍മു, കഴിഞ്ഞ മമത മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രജിബ് ബാനര്‍ജി തുടങ്ങിയവര്‍ തൃണമൂലിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി വിട്ടതിന് ക്ഷമചോദിച്ചുകൊണ്ടും തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടും സോണാലി ഗുഹ കത്തെഴുതിയിരുന്നു. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം തെറ്റായിരുന്നെന്നും അവിടെ എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു.
ബിജെപിയിലേക്ക് ചേക്കേറിയവരെ കൂടാതെ ബിജെപി എംഎല്‍എമാരായ എട്ടുപേരും നാല് സിറ്റിങ് എംപിമാരും തൃണമൂലിലേക്ക് വരാന്‍ താല്‍പര്യമറിയിച്ചതായി ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. എന്നാല്‍ തൃണമൂലിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്നത് സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: TMC Turncoat Dipendu Biswas Writes to Mamata, Says Joining BJP 'Bad Decision'


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..