മമതാ ബാനജിയും ശതാബ്ദി റോയിയും റാലിക്കിടയിൽ | Photo: PTI
കൊല്‍ക്കത്ത: ബംഗാളി സിനിമാ താരവും ബിര്‍ഭൂം എംപിയുമായ ശതാബ്ദി റോയി പാര്‍ട്ടിയുമായി അകലുന്നതായി സൂചന. അവര്‍ താരാപിത് വികാസ് പരിഷത്തില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ത്രിണമൂല്‍ കോണ്‍ഗ്രസുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്നും ശനിയാഴ്ച തീരുമാനമെടുക്കാമെന്നും ശതാബ്ദി റോയി സൂചന നല്കി.
നിയോജകമണ്ഡലത്തിലെ പാര്‍ട്ടി പരിപാടികളെക്കുറിച്ച് തന്നെ അറിയിക്കാറില്ലെന്നും ഇത് തനിക്ക് മാനസിക വിഷമമുണ്ടാക്കിയെന്നും ശതാബ്ദി റോയി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുജനങ്ങളെ അറിയിക്കുമെന്ന് മൂന്ന് തവണയായി ബിര്‍ഭൂം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശതാബ്ദി റോയി പറഞ്ഞു.
" എനിക്ക് ഈ മണ്ഡലവുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ അടുത്തകാലത്തായി പല പരിപാടികളിലും പങ്കെടുക്കാത്തതിനേക്കുറിച്ച് പലരും ചോദിക്കുന്നു. എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. പക്ഷേ എന്റെ നിയോജകമണ്ഡലത്തിലെ പരിപാടികളെക്കുറിച്ച് പോലും എന്നെ അറിയിച്ചിട്ടില്ലെങ്കില്‍ എങ്ങനെ പങ്കെടുക്കും." - അവര്‍ ഫെയ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. വാര്‍ത്ത അവര്‍ സ്ഥിരീകരിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കാന് അവര്‍ വിസമ്മതിച്ചു. എന്നാല്‍, കേന്ദ്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് അവസരങ്ങളുണ്ട് പക്ഷേ സാധ്യതയില്ല എന്നാണ് അവര്‍ മറുപടി നല്‍കിയത്. നേരത്തെ ഡിസംബര്‍ 29ന് നടന്ന റോഡ് ഷോയില്‍ ശതാബ്ദി റോയി മുഖ്യമന്ത്രി മമതാ ബാനജിയെ കണ്ടിരുന്നു.
ഇതിനിടയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭൂം ജില്ലാ അധ്യക്ഷന്‍ അനുബ്രത മൊണ്ടലുമായി ശതാബ്ദി റോയിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
Content Highlights: TMC MP Satabdi Roy Resigns from Tarapith Vikas Parishad After Hinting at Problems With Party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..