ദിലീപ് ഘോഷ് | photo: PTI
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കോവിഡ്-19 വൈറസിനെക്കാള്‍ അപകടകാരിയായ വൈറസാണെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വൈറസിനെതിരേയുള്ള വാക്‌സിന്റെ രൂപത്തില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ മമത സര്‍ക്കാര്‍ ചുമത്തിയ എല്ലാ വ്യാജ കേസുകളും പിന്‍വലിക്കും. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയുള്ള തൃണമൂലിന്റെ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഘോഷ് പറഞ്ഞു. സൗത്ത് 24 പര്‍ഗണാസ് ജില്ലയിലെ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കിസന്‍ സമ്മാന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളൊന്നും ബംഗാളില്‍ നടപ്പാക്കാന്‍ തൃണമൂല്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയ്ക്ക് പിന്നാലെ ഡിസംബര്‍ 29ന് ബിര്‍ഭമില്‍ റോഡ് ഷോ നടത്തുന്ന മമതയേയും ഘോഷ് പരിഹസിച്ചു. ബിജെപി പരിപാടികളെ പിന്തുടര്‍ന്ന് തൃണമൂലും റോഡ് ഷോ സംഘടിപ്പിക്കുകയാണ്. ഇതുപോലെ കേന്ദ്രത്തിന്റെ മികച്ച ഭരണ മാര്‍ഗങ്ങളും കൂടി തൃണമൂല്‍ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂല്‍ സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധമായ സര്‍ക്കാരാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം വൈറസ് പരാമര്‍ശം ബിജെപിയുടെ മാനസികാവസ്ഥയെ തുറന്നുകാണിക്കുന്നതാണെന്ന് തൃണമൂല്‍ മറുപടി നല്‍കി. ഇത്തരം പരാമര്‍ശങ്ങളില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല. ബിജെപിയുടെ മാനസികാവസ്ഥ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് തക്ക മറുപടി നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി.
content highlights: TMC more dangerous virus than COVID-19, BJP vaccine to eradicate it: Dilip Ghosh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..