മുകുൾ റോയ് | Photo:PTI
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ. സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പേരും. രണഘട്ടിലെ എ.സി.ജെ.എം. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ മുകുൾ റോയ്ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മുകുൾ റോയ്ക്ക് പുറമേ ബി.ജെ.പി. എം.പി ജഗന്നാഥ് സർക്കാരിന്റെ പേരും കുററപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുൾപ്പടെ ആകെ അഞ്ചുപേരെയാണ് കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുളളതെന്ന് റോയ് യുടെ അഭിഭാഷകൻ സമുൻ റോയ് പറഞ്ഞു.
'എനിക്കെതിരേ 44 കേസുകളുണ്ട്. എനിക്ക് ആശങ്കയൊന്നുമില്ല. അവർക്കെന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. പക്ഷേ ആരാണ് ബംഗാളിലെ പോലീസ് മന്ത്രിയെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. കുററപത്രത്തിൽ എന്റെ പേര് ചേർത്തത് മുഖ്യമന്ത്രിയുടെ നിർബന്ധപ്രകാരമാണോ? എനിക്ക് നീതിപീഠത്തിൽ പൂർണവിശ്വാസമുണ്ട്.' മുകുൾ റോയ് പ്രതികരിച്ചു.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ മുകൾ റോയിയെ സി.ഐ.ഡി. ചോദ്യം ചെയ്തിരുന്നു.കൊൽക്കത്ത കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.
എന്നാൽ ഇത് പ്രതിപക്ഷത്തെ അടിച്ചമർത്താനുളള മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമമാണെന്ന് ബി.ജെ.പി. ആരോപിച്ചു. 'മമതാ ബാനർജിയുടെ ഗൂഢാലോചന തുടരുകയാണ്. ഗൂഢാലോചനയിലൂടെ പ്രതിപക്ഷത്തെ എങ്ങനെ അടിച്ചമർത്താമെന്നുളളതിന് തെളിവാണ് മുകുൾ റോയ്ക്കെതിരായ വ്യാജകുറ്റപത്രം.' ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഫുൽബാരി പ്രദേശത്തെ ഒരു പ്രാദേശിക ക്ലബിന്റെ സരസ്വതി പൂജയിൽ പങ്കെടുക്കവേയാണ് സത്യജിത്തിന് വെടിയേറ്റത്.
Content Highlights:TMC MLA Murder Case: CID names Mukul Roy in chargesheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..