കൊൽക്കത്ത ഹൈക്കോടതി ഫോട്ടോ:പി.ടി.ഐ
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായി കോടതിയെ സമീപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തി. 2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. തുടര്‍ന്നായിരുന്നു അവര്‍ കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും ജസ്റ്റിസ് ബിബേക് ചൗധരി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..