ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഭട്ടാചര്യയ്ക്ക് ബിജെപിക്ക് അംഗത്വം നൽകുന്നു. photo: BJP4India|twitter
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. നാട്യ ജില്ലയിലെ ശാന്തിപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എം.എല്‍.എ അരിന്ദം ഭട്ടാചര്യ ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മറ്റൊരു തൃണമൂല്‍ എം.എല്‍.എ കൂടി പാര്‍ട്ടിവിട്ടത്. ബി.ജെ.പിയില്‍ ചേരേണ്ടവര്‍ക്ക് പാര്‍ട്ടി വിടാമെന്നും എന്നാല്‍ ബി.ജെ.പിക്ക് മുന്നില്‍ ഒരിക്കലും തലതാഴ്ത്തില്ലെന്നും തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വം ഭട്ടാചാര്യയെ പാര്‍ട്ടിയിലേക്കെത്തിച്ചത്.
പാര്‍ട്ടിയില്‍ തന്നെപോലുള്ള യുവാക്കളുടെ വഴി തൃണമൂല്‍ നേതൃത്വം തടയുകയാന്നെന്ന് ബിജെപി അംഗത്വമെടുത്ത ശേഷം ഭട്ടാചാര്യ ആരോപിച്ചു. ബംഗാളിലെ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ മടുത്തു. നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കള്‍ക്കൊന്നും ജോലി ലഭിക്കുന്നില്ല. സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ല. ഏറെ പ്രതീക്ഷയോടെയാണ് തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്ന് ബംഗാളിയുടെ പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലജ്ജാകരമാണ്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.
മമത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്‌വര്‍ഗീയ അവകാശപ്പെട്ടിരുന്നു. ഇതോടെ മമത സര്‍ക്കാര്‍ താഴെവീഴുമെന്നും എന്നാല്‍ ഇതില്‍ ആരെയൊക്കെ പാര്‍ട്ടിയില്‍ എടുക്കണമെന്ന കാര്യം നേതൃത്വം പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
content highlights: TMC exodus continues, MLA Arindam Bhattacharya joins BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..