തിരുപ്പതി: കാണിക്കയായി  ലഭിച്ച റദ്ദാക്കിയ നോട്ടുകള്‍ എന്ത് ചെയ്യുമെന്നുള്ള വഴി തേടുകയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര ഭാരവാഹികള്‍. നാലു കോടി രൂപയുടെ 1000, 500 രൂപ നോട്ടുകളാണ് ക്ഷേത്ര ഭാരവാഹികള്‍ക്ക് മുന്നില്‍ വില്ലനായി നില്‍ക്കുന്നത്. നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റമാക്കിയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുകയോ കൈമാറ്റം ചെയ്യുന്നതും കുറ്റമാകും.

നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50,000 രൂപയോ എതാണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക.

കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കത്തയച്ച് മറുപടിക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരില്‍ നിന്നായി ഡിസംബര്‍ മുപ്പതിന് ശേഷം ലഭിച്ച സംഭാവനകളിലാണ് നാലു കോടിയിലധികം നിരോധിച്ച നോട്ടുകളുള്ളതെന്ന് തിരുപ്പതി ക്ഷേത്രം എകസിക്യുട്ടീവ് ഓഫീസര്‍ സാമ്പാശിവ പറഞ്ഞു.

ഭക്തര്‍ നേര്‍ച്ച പണമായി നല്‍കിയതാണിത്. ആര്‍ബിഐക്കും സര്‍ക്കാരിനും അയച്ച കത്തില്‍  ഉചിതമായ മറുപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വീടുകളിലെ പൂജാമുറികളില്‍ സൂക്ഷിച്ചിട്ടുള്ള ടിന്നുകളിലും ബോക്‌സുകളിലുമായി പല സമയങ്ങളിലായി നിക്ഷേപിക്കുന്ന പണം ഭക്തര്‍ തിരുപ്പതിയില്‍ എത്തിക്കുന്നത് പതിവാണ്.