
തിരുപ്പതിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ | Photo: ANI
അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കടപ്പയില്‍ കനത്ത മഴയേത്തുടര്‍ന്ന് ചേയോരു നദി കരകവിഞ്ഞു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. മഴ കുറഞ്ഞതിനേ തുടര്‍ന്ന് തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
തിരുപ്പതിയില്‍ കനത്ത മഴയേത്തുടര്‍വന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ അടച്ചത്. കനത്ത മഴയേത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടിരുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്നാണ് നേരത്തെ അടച്ച രണ്ട് റോഡുകളിലൊന്ന് തുറന്നത്. ഇതിലൂടെ കുടുങ്ങിക്കിടക്കുന്ന ഭക്തരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു.
അനന്തപുര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്തപുര്‍- ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: Tirupati flooded after downpour, more rain likely in Andhra Pradesh, TN today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..