-
ഗുവാഹാട്ടി: കോവിഡ് മഹാമാരിക്കൊപ്പം വീണ്ടുമൊരു വലിയ പ്രളയക്കെടുതി നേരിടുകയാണ് അസം ജനത. സംസ്ഥാനത്തെ 25 ജില്ലകളിലെ 34 ലക്ഷം പേരെ പ്രളയം ബാധിച്ചു. കാസിരംഗ ദേശീയോദ്യാനവും വെള്ളത്തിനടിയിലാണ്. നിരവധി വന്യമൃഗങ്ങൾ ചത്തു. ഒഴുക്കിൽപ്പെട്ട് ദേശീയോദ്യാനത്തിന് പുറത്തേക്കെത്തിയ ഒരു കണ്ടാമൃഗത്തിന്റെ വീഡീയോ പുറത്തു വന്നിരിക്കുകയാണിപ്പോൾ.
ദേശീയപാത 37-ന് സമീപം ബഗോരി റേഞ്ചിലാണ് കണ്ടാമൃഗത്തെ കണ്ടെത്തിയത്. ക്ഷീണിതനായ കണ്ടാമൃഗം ദേശീയപാതയ്ക്ക് അരിൽ കിടന്ന് ഉറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കണ്ടാമൃഗത്തിന് സംരക്ഷണം ഒരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും സമീപമുണ്ട്. കണ്ടാമൃഗത്തിന് ഒരു തരത്തിലും ശല്യമുണ്ടാക്കാതെ വാഹനങ്ങൾ വേഗത കുറച്ച് കടന്നുപോകുന്നതും വീഡിയോയിൽ കാണാം. വാഹനങ്ങളെ നിയന്ത്രിക്കാൻ പോലീസും സ്ഥലത്തുണ്ട്.
കണ്ടാമൃഗത്തെ തിരിച്ച് ദേശീയോദ്യാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കാസിരംഗ ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അധികൃതർ വ്യക്തമാക്കി.
കസിരംഗയിൽ പ്രളത്തിൽപ്പെട്ട് ഏഴ് കണ്ടാമൃഗങ്ങൾ ഉൾപ്പെടെ 96 വന്യമൃഗങ്ങളാണ് ഇതുവരെ ചത്തത്. ബുധനാഴ്ച ഒഴുക്കിൽപ്പെട്ട കണ്ടാമൃഗക്കുട്ടിയെ വന്യജീവി പുനരധിവാസ സംരക്ഷണകേന്ദ്രം പ്രവർത്തകരും കാസിരംഗയിലെ ജീവനക്കാരുംചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പുറമേ നൂറിലേറെ മൃഗങ്ങളെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
content highlights:Tired Rhino Sleeps On Road At Flood-Hit Kaziranga People Pass By Quietly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..